മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ നടത്തിയെന്നു പറയപ്പെടുന്ന ‘രക്ഷാപ്രവർത്തന’മാണ് തന്നെ എംഎല്‍എ ആക്കാൻ കാരണമായതെന്ന് എ.ഡി.തോമസ്. ആലപ്പുഴ നഗരത്തില്‍ വച്ച്‌ തന്നെയും അജയ് കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടിയെ തല്ലുന്നതുപോലെയാണ് അന്ന് തങ്ങളെ ആക്രമിച്ചതെന്നും പിന്നീട് അതിനെ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

ആ സംഭവത്തിന് പിന്നാലെയാണ് പൊതുസമൂഹത്തില്‍ വിഷയത്തിന് വലിയ ശ്രദ്ധ ലഭിച്ചതെന്നും അതുവഴി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിർണായകമായ മാറ്റമുണ്ടായതെന്നും എ.ഡി. തോമസ് പറഞ്ഞു. അന്നത്തെ സർക്കാരിന്റെ കാലത്ത് നിരവധി യുവാക്കള്‍ക്ക് സമാനമായ രീതിയില്‍ മർദനമേറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുപാട് അമ്മമാരുടെ കണ്ണുനീർ വീണു. ആ ശാപം നിങ്ങളെ പിന്തുടരുമെന്ന് പിണറായി വിജയനോട് എ.ഡി തോമസ് പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയാണ് എ.ഡി തോമസിൻ്റെ മറുപടി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

കേസില്‍ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യതയുണ്ട്. എസ്‌ഐടിയുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരവകുപ്പിന് ഉടൻ കൈമാറും. സർക്കാർ വൈകാതെ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് ഡയറി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തിരുത്തല്‍ വരുത്തിയതുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ എം ആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ നല്‍കിയിരിക്കുന്ന മൊഴിയുണ്ട്. ഇതാണ് അജിത് കുമാറിനെ കുരുക്കിലാക്കുന്നത്.

ഉദ്യോഗസ്ഥർക്കെതിരെ നടപടി റിപ്പോർട്ടില്‍ ശിപാർശ ചെയ്തിട്ടില്ല. റിപ്പോർട്ട് ഡിജിപി റവാഡാ ചന്ദ്രശേഖർ വിശദമായി പരിശോധിക്കുകയാണ്. ആഭ്യന്തര വകുപ്പിന് കൈമാറുന്ന റിപ്പോർട്ടില്‍ അജിത് കുമാറിനെതിരെ കൂടുതല്‍ അന്വേഷണത്തിനാണ് സാധ്യത. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അജിത് കുമാറിന്റെ ഇടപെടലില്‍ കൂടുതല്‍ പരിശോധന നടത്തിയേക്കും . ഈ റിപ്പോർട്ട് ലഭിച്ചശേഷം മാത്രം നടപടിയിലേക്ക് കടക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ ഗണ്‍മാൻ അനില്‍കുമാർ ഉള്‍പ്പെടെയുള്ളവരെ മർദ്ദിച്ച സംഭവത്തില്‍ ഗണ്‍മാൻ അനില്‍കുമാർ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എസ് ഐ ടി.

രാഷ്ട്രീയ പ്രതിഷേധങ്ങളെയും പൊതുപ്രവർത്തനങ്ങളെയും അടിച്ചമർത്താൻ അധികാരം ദുരുപയോഗം ചെയ്തിരുന്നുവെന്ന വിമർശനവും എ.ഡി തോമസ് ഉന്നയിച്ചു. അന്നുണ്ടായ സംഭവങ്ങള്‍ ഇന്നും ജനങ്ങള്‍ മറന്നിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഇപ്പോഴും രാഷ്ട്രീയ രംഗത്ത് പ്രസക്തമാണെന്നും എ.ഡി. തോമസ് കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക