തോപ്പുംപടിയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരിയും കാമുകനും തോപ്പുംപടി പോലീസിന്റെ പിടിയിലായി.മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറില്‍ എം.എ. സനമോള്‍ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

2022 മേയ് മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തോപ്പുംപടിയിലെ ‘പിക് ആന്‍ഡ് സേവ്’ സൂപ്പര്‍ മാര്‍ക്കറ്റില്‍ ബില്ലിംഗ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു സനമോള്‍. ഈ സമയത്ത് കൗണ്ടറിലെ കളക്ഷന്‍ തുകയില്‍ നിന്ന് ദിവസേന വലിയ തുകകള്‍ ഇവര്‍ കൃത്രിമം കാണിച്ച്‌ മോഷ്ടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൗണ്ടറില്‍ നിന്ന് അടിച്ചുമാറ്റുന്ന തുക സനമോള്‍ നിരന്തരം കൂട്ടുകാരനായ രഞ്ജുവിന് കൈമാറുകയായിരുന്നു പതിവ്. ഈ പണം മുഴുവന്‍ രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ച്ചയായി കണക്കുകളില്‍ വലിയ വ്യത്യാസവും തുകയില്‍ കുറവും അനുഭവപ്പെട്ടതോടെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയ്ക്ക് സനമോളെക്കുറിച്ച്‌ സംശയം തോന്നി. തുടര്‍ന്ന് ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ഉടമ, തട്ടിപ്പ് വ്യക്തമായതോടെ തോപ്പുംപടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞതോടെ സനമോള്‍ അതിവേഗം വിദേശത്തേക്ക് കടന്നുകളഞ്ഞു. ഇതോടെ തോപ്പുംപടി പോലീസ് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലെത്തിയാല്‍ പിടിയിലാകുമെന്ന് ഉറപ്പുള്ളതിനാല്‍, ലുക്ക് ഔട്ട് നോട്ടീസ് മറികടക്കാന്‍ നേപ്പാള്‍ വഴിയാണ് സനമോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

എന്നാല്‍, മുന്‍ ജീവനക്കാരി രഹസ്യമായി കൊച്ചിയിലെത്തിയെന്ന വിവരം ചോര്‍ന്നുകിട്ടിയ പോലീസ് സംഘം ഉടന്‍ തന്നെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക