രാജ്യതലസ്ഥാനത്തെ പ്രക്ഷോഭകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്ണുകള്‍ പ്രയോഗിച്ചിട്ടില്ലെന്ന ഡല്‍ഹി പൊലീസിന്‍റെ വാദം തള്ളി ആശുപത്രി റിപ്പോർട്ട്.സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചെന്ന സിജെപിയുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ലേഡി ഹാർഡിങ് ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രക്ഷോഭകന്‍റെ കണ്ണില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകള്‍ നീക്കം ചെയ്തു. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതല്‍ പെല്ലറ്റുകള്‍ തറച്ചുകയറിയിട്ടുണ്ടെന്നും, ഇവ നീക്കം ചെയ്യുന്നതിനായി വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമസംഭവങ്ങളോ പ്രതിഷേധങ്ങളോ കൈകാര്യം ചെയ്യുമ്പോള്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇത്തരമൊരു മാരകായുധ പ്രയോഗം രാജ്യതലസ്ഥാനത്ത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ദ്രുത കർമ്മ സേനയാണ് പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഉതിർത്തത്. നിലവില്‍ ഗുരുതരമായി പരിക്കേറ്റ സമരക്കാരൻ ലേഡി ഹാർഡിങ് ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക രംഗത്ത് വന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ തയ്യാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും, ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തുന്ന തങ്ങള്‍ക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യുവാക്കള്‍ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തില്‍ നിന്ന് വേഗത്തില്‍ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക