ഇറാഖിൽ നടന്ന വൻ അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി പാർലമെന്റ് അംഗം ഹിന്ദ് അൽ-അബ്ബാസിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 5.7 കോടി യുഎസ് ഡോളർ പണമായും 27 കിലോഗ്രാം ശുദ്ധ സ്വർണവും സ്വർണം പൂശിയ അടിവസ്ത്രങ്ങളും കണ്ടെത്തിയതായി പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കേസുമായി ബന്ധപ്പെട്ട് പാർലമെന്റ് അംഗങ്ങൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുള്‍പ്പെടെ 47 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും വിവിധ മാധ്യമങ്ങൾ പറയുന്നു.
അതേസമയം, എംപി ഹിന്ദ് അൽ-അബ്ബാസിയുടെ വസതിയിൽ പരിശോധന നടത്തിയതും അവിടെ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇറാഖ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവർ പാർലമെന്റ് അംഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ കേസിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.പ്രധാനമന്ത്രി അലി അൽ-സൈദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആരംഭിച്ച വ്യാപക അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് റെയ്ഡുകൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയത്. ബഗ്ദാദ് കേന്ദ്രീകരിച്ച് വിവിധ കേന്ദ്രങ്ങളിൽ പുലർച്ചെയായിരുന്നു സുരക്ഷാസേന പരിശോധന നടത്തിയത്.കുറഞ്ഞത് ഏഴ് പാർലമെന്റ് അംഗങ്ങളും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റെയ്ഡിനിടെ കോടിക്കണക്കിന് ഡോളർ പണവും സ്വർണവും വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.








