ഡല്‍ഹിയിലെ വസതിയിലുണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് മുൻ മുതിർന്ന ഐഎഎസ് (IAS) ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) ആദ്യ ചെയർമാനുമായ ധനേന്ദ്ര കുമാർ (80) അന്തരിച്ചു.വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിന്റെ ഇൻഡോർ യൂണിറ്റിലുണ്ടായ ശക്തമായ സ്‌ഫോടനമാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തില്‍ വീട് പൂർണ്ണമായും കത്തിയമരുകയും കനത്ത പുക ശ്വസിച്ച് ധനേന്ദ്ര കുമാറിന്റെ നില വഷളാകുകയുമായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന മകനെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. പരിക്കേറ്റ മകൻ നിലവില്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഉള്ളതായി നിലവില്‍ സംശയിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.
ഇന്ത്യൻ ബ്യൂറോക്രസിയിലും സാമ്പത്തിക നയരൂപീകരണത്തിലും നിർണായക പങ്കുവഹിച്ച 1968 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ധനേന്ദ്ര കുമാർ. കേന്ദ്ര പ്രതിരോധ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയില്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 മുതല്‍ 2009 വരെ വേള്‍ഡ് ബാങ്കില്‍ (World Bank) ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 2009 ഫെബ്രുവരി മുതല്‍ 2011 ജൂണ്‍ വരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) പ്രഥമ ചെയർമാനായി ചുമതലയേറ്റ അദ്ദേഹം വിപണിയിലെ ആരോഗ്യകരമായ മത്സരങ്ങള്‍ ഉറപ്പാക്കുന്നതില്‍ വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഔദ്യോഗിക ജീവിതത്തിന് ശേഷം കണ്‍സള്‍ട്ടൻസി രംഗത്തും പൊതുനയ രൂപീകരണങ്ങളിലും അദ്ദേഹം സജീവമായി തുടരുന്നതിനിടയിലാണ് ഈ ദാരുണ അന്ത്യം.

















