ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകള്‍ ജാന്‍വി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ്.ഒരേ സമയം ഇന്ത്യന്‍ സിനിമയിലെ മിക്ക ഭാഷകളിലും ശ്രീദേവി തിളങ്ങി നിന്നിരുന്നു. അമ്മയ്ക്കൊപ്പമെത്തിയില്ലെങ്കിലും ജാന്‍വിയും ബിഗ് സ്ക്രീനില്‍ മിക്ക ഭാഷകളിലും തന്റെ അഭിനയമികവ് പ്രകടിപ്പിക്കുന്നുണ്ട്. തുടക്കം ബോളിവുഡിലാണെങ്കിലും ഹിന്ദിയിലും തെലുങ്കിലടക്കം തിളങ്ങി നില്‍ക്കുകയാണ് താരം.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന രാം ചരണിനൊപ്പം അഭിനയിക്കുന്ന സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയായ ‘പെഡ്ഡി’യുടെ കാത്തിരിപ്പിലാണിപ്പോള്‍ ജാന്‍വി. താരത്തിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. സിനിമയുടെ ഭാഗമായി പ്രൊമോഷന്‍ തിരക്കിലാണ് താരം. അതിനിടെ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളെക്കുറിച്ചും അതില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും ജാന്‍വി സംസാരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ താന്‍ ഇനിയുമൊരു മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് പറയുകയാണ് ജാന്‍വി കപൂര്‍. മനോഹരമായ ഭാഷയാണ് മലയാളമെന്നും വളരെയധികം ബഹുമാനമുണ്ടെന്നും പക്ഷേ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നുമാണ് ജാന്‍വി പറയുന്നത്.

”ഇനി ഞാൻ മലയാളം ശ്രമിക്കുമെന്ന് തോന്നുന്നില്ല, കാരണം അത് വളരെ ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ മനോഹരവും മധുരവുമുള്ള ഒരു ഭാഷയാണ്. പക്ഷേ, തമിഴും തെലുങ്കുമായി എനിക്ക് ഉച്ചാരണപരമായി നല്ല പരിചയമുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. തമിഴ് സിനിമകളിലും അഭിനയിക്കാൻ എനിക്ക് ഏറെ താല്പര്യമുണ്ട്…” എന്നാണ് ജാന്‍വി പറയുന്നത്.

ജാൻവി കപൂർ ഇതുവരെ നേരിട്ട് മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും, ഇതിനകം മലയാള സിനിമയുമായി താരത്തിന് ബന്ധമുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ ‘മിലി’ മലയാളം ത്രില്ലർ ചിത്രമായ ‘ഹെലൻ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു. അതിനു ശേഷം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം അഭിനയിച്ച ‘പരം സുന്ദരി’യില്‍ ശക്തമായ മലയാളി വേരുകളുള്ള ഒരു കഥാപാത്രത്തെയാണ് ജാന്‍വി അവതരിപ്പിച്ചത്.

‘ദേവേര’ എന്ന തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന് ശേഷം തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധ നല്‍കുന്ന താരം ജൂണ്‍ 4 ന് റിലീസ് കാത്തിരിക്കുന്ന ‘പെഡ്ഡി’യുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍.ഇതില്‍ ജാൻവി കപൂർ അച്ചിയമ്മ എന്ന നായിക കഥാപാത്രമായിട്ടാണ് നിറഞ്ഞു നില്‍ക്കുന്നത്.

രാം ചരണ്‍ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രം ആന്ധ്രാപ്രദേശില്‍ നടക്കുന്ന ഒരു സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയാണ്. സ്‌പോർട്‌സിലൂടെ ആളുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്ന ഒരു ഗ്രാമീണന്റെ കഥയാണിത്. ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു, രവി കിഷൻ, ബൊമൻ ഇറാനി എന്നിവരും ഇതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക