സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തിന്റെ തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 2.5 ലക്ഷം രൂപ. എളംകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.50 ലക്ഷം രൂപയുടെ സമ്മാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ മാസം 15-നാണ് യുവതി ഓണ്‍ലൈൻ വഴി ഒരു വ്യക്തിയുമായി പരിചയത്തിലാകുന്നത്.
പരിചയം വളർന്നതോടെ, 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ അടങ്ങിയ ഒരു പാഴ്‌സല്‍ യുവതിക്ക് അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വിശ്വസിപ്പിച്ചു. ഈ പാഴ്‌സല്‍ ലഭിക്കണമെങ്കില്‍ കസ്റ്റംസ് ക്ലിയറൻസ് ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പല തവണയായി പണം കൈക്കലാക്കുകയായിരുന്നു.
ഇപ്രകാരം 2.50 ലക്ഷം രൂപയാണ് യുവതി ഇയാളുടെ നിർദ്ദേശപ്രകാരം കൈമാറിയത്. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ ‘ദിനേഷ്’ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. എന്നാല്‍ പണം നല്‍കിയിട്ടും പാഴ്‌സല്‍ ലഭിക്കാതെ വന്നതോടെ താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായി. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.








