സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രം തിയേറ്ററുകളില്‍ തരംഗമാകുമ്പോള്‍, ചിത്രത്തിലെ നായിക തൃഷയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചെന്നൈയിലെ പ്രശസ്തമായ രോഹിണി തിയേറ്ററില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ എത്തിയതായിരുന്നു താരം. സിനിമയ്ക്ക് ശേഷം മടങ്ങവെ തൃഷയുടെ കാർ ആരാധകർ വളയുകയും താരത്തിന്റെ ശ്രദ്ധ നേടാൻ ശ്രമിക്കുകയും ചെയ്തു.
കാറിനുള്ളിലിരുന്ന തൃഷയോട് ഡ്രൈവർ സീറ്റിനടുത്തുള്ള വിൻഡോയിലൂടെ ഒരു ആരാധകൻ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. “ദളപതിയെ അന്വേഷിച്ചു എന്ന് പറയൂ” എന്നായിരുന്നു ആ യുവാവിന്റെ ആവശ്യം. ഇത് കേട്ടയുടൻ ചിരിച്ചുകൊണ്ട് തലയാട്ടിയ തൃഷ, “ഉറപ്പായും പറയാം” എന്ന് മറുപടി നല്‍കി. മറുപടി നല്‍കിയ ശേഷം ഫോണിലേക്ക് നോക്കി ചിരിയടക്കാൻ ശ്രമിക്കുന്ന തൃഷയുടെ ഭാവങ്ങളും വീഡിയോയില്‍ വ്യക്തമാണ്. തുടർന്ന് മറ്റ് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് താരം അവിടെനിന്നും മടങ്ങി.
തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർ താരവുമായ വിജയ്‌യും തൃഷയും തമ്മിലുള്ള അടുത്ത സൗഹൃദം നേരത്തെ തന്നെ തമിഴ് സിനിമ ലോകത്തും രാഷ്ട്രീയത്തിലും വലിയ ചർച്ചയാണ്. ലിയോ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള വാർത്തകള്‍ക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. കഴിഞ്ഞ മെയ് 10-ന് നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിതാവായി തൃഷ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു. ഇരുവരുടെയും കെമിസ്ട്രിയും സൗഹൃദവും ആരാധകർക്കിടയില്‍ ഇപ്പോഴും ആവേശമായി തുടരുന്നു എന്നതിന്റെ തെളിവാണ് വൈറലായ ഈ പുതിയ വീഡിയോയും.

















