നോട്ട് ബുക്ക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി, മലയാള സിനിമയില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്.വിവാദങ്ങളില്‍ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും മാറ്റിനിർത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത് എത്തിയിരിക്കുകയാണ്.
താന്റെ ബാല്യ കാലത്ത് ഉള്‍പ്പെടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് പാർവതി പറഞ്ഞത്. എല്ലാ സ്ത്രീകള്‍ക്കും ഇത്തരം ദുരനുഭവങ്ങളുണ്ടെന്നതാണ് വസ്തുതയെന്നും അവർ പറഞ്ഞു. ഹൗട്ടർഫ്‌ളൈയിലെ ദി മെയില്‍ ഫെമിനിസ്റ്റ് എന്ന പരിപാടിയില്‍ സിദ്ധാർഥ് ആലംബയാനോടാണ് പാർവതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുട്ടിയായിരിക്കുമ്ബോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചുണ്ടായ അനുഭവം പാർവതി വെളിപ്പെടുത്തി.
അച്ഛൻ തന്നേയും അമ്മയേയും റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയതായിരുന്നു. പെട്ടന്ന് ഒരാള്‍ വന്ന് തന്റെ നെഞ്ചില്‍ ശക്തമായി അടിച്ചു. കുട്ടിയായിരുന്ന തനിക്ക് ആ സമയം വലിയ വേദനയാണ് ഉണ്ടായതെന്ന് പാർവതി പറയുന്നു. റോഡിലൂടെ നടക്കുമ്ബോള്‍ പുരുഷന്മാരുടെ കൈകളെ ശ്രദ്ധിക്കണമെന്ന് അമ്മ തന്നെ പഠിപ്പിച്ചിരുന്ന കാര്യവും പാർവതി പറഞ്ഞു.
ടീനേജില്‍ തനിക്കുണ്ടായ അനുഭവവും പാർവതി പറഞ്ഞു ‘അന്നെനിക്ക് 19-20 വയസാണ്. ഞാനും ഒരു സുഹൃത്തും കൂടി സിനിമ കാണാൻ പോയതായിരുന്നു. സിനിമ കണ്ടിറങ്ങി മാളിലെ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒരാള്‍ വന്ന് എന്റെ പിന്നില്‍ നിന്നു. അയാള്‍ എന്റെ ശരീരത്തോട് സ്വന്തം ശരീരത്തോട് അമർത്തുകയായിരുന്നു. ലിഫ്റ്റില്‍ നിന്ന് ഇറങ്ങിയ ഉടൻ ‘നീ എന്താ ചെയ്തത്’ എന്ന് ചോദിച്ചുകൊണ്ട് ഞാൻ അയാളെ അടിച്ചു’ പാർവതി പറഞ്ഞു.
ഞാൻ അയാളെ അടിക്കുന്നത് കണ്ട് സെക്യൂരിറ്റി ഓടിവന്നു. എന്തുകൊണ്ടോ ആ മാളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു. ഞാൻ പോലീസിനെ വിളിച്ചു. അവർ വന്ന് എന്നോട് അയാളെ അടിക്കുന്നത് നിർത്താൻ പറഞ്ഞു. അപ്പോഴാണ് ഈ രാജ്യത്ത് ‘നീതി’ എന്നാലെന്താണ് എന്ന് മനസിലായത്. ഒടുവില്‍ അയാള്‍ എന്റെ കാലില്‍ വീണ് പറഞ്ഞു ഗള്‍ഫില്‍ ജോലി കിട്ടിയതേ ഉള്ളൂ, കല്യാണം കഴിക്കാൻ പോകുകയാണ് എന്നൊക്കെ.
അയാളെ അടിക്കാൻ എല്ലാവരും എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഞാൻ അയാളെ അടിച്ചപ്പോള്‍ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ എനിക്കത് വലിയ കാര്യമായി തോന്നിയില്ല. കാരണം ഞാൻ തന്നെയാണ് എന്നെ സംരക്ഷിക്കേണ്ടതെന്നാണ് അവർ പറഞ്ഞുവെക്കുന്നത്. എന്നെ അഭിനന്ദിക്കുകയോ ഞാൻ കരുത്തയാണെന്ന് എനിക്ക് തോന്നുകയോ ചെയ്യേണ്ട കാര്യമല്ല അത്’ -പാർവതി പറഞ്ഞു.





