ഔദ്യോഗിക ആവശ്യത്തിനായി നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു വർഷത്തിന് ശേഷം വ്യക്തിപരമായ സന്ദേശമയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ യുവതി രംഗത്ത്.സുരക്ഷാ ക്രമീകരണങ്ങള്‍ ദുരുപയോഗം ചെയ്ത് ചാറ്റ് ഹിസ്റ്ററി സേവ് ചെയ്യാൻ കഴിയാത്ത വിധം പ്രൈവസി സെറ്റിങ്സ് മാറ്റിയ ശേഷമാണ് പോലീസുകാരൻ സന്ദേശമയച്ചതെന്ന് യുവതി ആരോപിക്കുന്നു. ചാറ്റിന്റെ സ്ക്രീൻഷോട്ടുകള്‍ യുവതി എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി.
2025 ഓഗസ്റ്റ് 31-ന് നല്‍കിയ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് യുവതി പോലീസിന് ഫോണ്‍ നമ്പർ കൈമാറിയത്. അന്ന് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥർ വാട്സാപ്പ് വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഉദ്യോഗസ്ഥൻ ചാറ്റിലെ പ്രൈവസി സെറ്റിങ്സ് മാറ്റുകയും മെസ്സേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചർ ഓണ്‍ ചെയ്യുകയും ചെയ്ത ശേഷം വ്യക്തിപരമായ സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നു.
യുവതി പുറത്തുവിട്ട സ്ക്രീൻഷോട്ടുകള്‍ പ്രകാരം, പോലീസുകാരൻ ആദ്യം “ഹായ്” എന്ന് സന്ദേശമയച്ചു. എന്തിനാണ് മെസ്സേജ് അയച്ചതെന്ന് യുവതി ചോദിച്ചപ്പോള്‍ “എന്തെങ്കിലും പ്രശ്നമുണ്ടോ?” എന്നായിരുന്നു മറുപടി. കാര്യമില്ലാതെ എന്തിനാണ് മെസ്സേജ് അയക്കുന്നതെന്ന് വീണ്ടും ചോദിച്ചപ്പോള്‍, “ഒന്നുമില്ല, നിങ്ങളെ പെട്ടെന്ന് ഓർമ്മ വന്നു, അതുകൊണ്ട് മെസ്സേജ് അയച്ചു” എന്ന് ഉദ്യോഗസ്ഥൻ മറുപടി നല്‍കി. ഇതിനെതിരെ യുവതി ശക്തമായി പ്രതികരിക്കുകയും പുരുഷന്മാരായ പരാതിക്കാരെയും ഇങ്ങനെ ഓർത്തു മെസ്സേജ് അയക്കാറുണ്ടോ എന്ന് ചോദിക്കുകയും ചെയ്തതോടെ പോലീസുകാരൻ ക്ഷമാപണം നടത്തി.
യുവതിയുടെ പോസ്റ്റ് വൈറലായതോടെ ഭിന്നമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഔദ്യോഗിക പദവിയിലുള്ള ഒരാള്‍ വ്യക്തിഗത വിവരങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും ഇയാള്‍ക്കെതിരെ സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍, പോലീസുകാരൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും നമ്പർ ബ്ലോക്ക് ചെയ്താല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നും, ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പർ പരസ്യമാക്കിയത് അമിത പ്രതികരണമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ബംഗളൂരു സിറ്റി പോലീസ് സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എക്സിലൂടെ മറുപടി നല്‍കി. എന്നാല്‍, ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണത്തിനായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും യുവതി പോലീസിന് മറുപടി നല്‍കി.
















