കേരളത്തില്‍ ജനവിധി മാറി, യുഡിഎഫ് സർക്കാർ അധികാരത്തിലേറി വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസമായിട്ടും കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിന് മാത്രം ഇപ്പോഴും ‘ബോധം’ വന്നിട്ടില്ല.ഡിജിറ്റല്‍ ലോകത്ത് കോണ്‍ഗ്രസ് ഐടി സെല്ലിന് സംഭവിച്ച ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചർച്ചയാകുന്നത്.
തുടർച്ചയായി രണ്ട് തവണ പ്രതിപക്ഷത്തിരുന്ന ശേഷം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി സംസ്ഥാനത്ത് ഭരണത്തിലേറിയിട്ടും, പാർട്ടി വെബ്‌സൈറ്റില്‍ വി.ഡി സതീശൻ ഇപ്പോഴും വെറുമൊരു ‘പ്രതിപക്ഷ നേതാവ്’ മാത്രമാണ്.
വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ‘ലീഡർ ഓഫ് ഓപ്പോസിഷൻ’ എന്ന വിശദീകരണത്തോടെ വി.ഡി സതീശന്റെയും, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെയും പഴയ ചിത്രങ്ങളാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. പുതിയ സർക്കാർ അധികാരത്തില്‍ വന്ന കാര്യമോ, പാർട്ടിക്ക് മുഖ്യമന്ത്രിയുണ്ടെന്ന വിവരമോ വെബ്സൈറ്റ് മാനേജ് ചെയ്യുന്നവർ ഇനിയും അറിഞ്ഞിട്ടില്ലെന്ന് വ്യക്തം.

കെപിസിസി സൈറ്റിലെ മുഖ്യമന്ത്രിമാരുടെ പേരുകള്‍
സൈറ്റിലെ ‘ചീഫ് മിനിസ്റ്റേഴ്സ്’ (മുൻ മുഖ്യമന്ത്രിമാർ) എന്ന പട്ടിക പരിശോധിച്ചാല്‍ ആർ. ശങ്കർ, കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന്റെ അഞ്ചാമത്തെതും പുതിയ മുഖ്യമന്ത്രിയും എന്ന നിലയില്‍ വി.ഡി സതീശന്റെ പേര് സൈറ്റിന്റെ ഹോം പേജിലോ പ്രധാന ഭാഗങ്ങളിലോ വരേണ്ടതായിരുന്നു എങ്കിലും അതുണ്ടായിട്ടില്ല.
എംഎല്‍എമാരുടെ ലിസ്റ്റിലാണ് അടുത്ത അനാസ്ഥ. വെബ്‌സൈറ്റ് പ്രകാരം കോണ്‍ഗ്രസിന് കേരളത്തില്‍ ആകെയുള്ളത് 20 എംഎല്‍എമാർ മാത്രമാണ്! അതായത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ലിസ്റ്റാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. ഇതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് ആര്യാടൻ ഷൗക്കത്ത് വിജയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 21 ആയി ഉയർന്ന ചരിത്രവും കെപിസിസി സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല.
കേരളത്തില്‍ ഭരണം പിടിക്കാൻ താഴേത്തട്ടില്‍ വരെ പാർട്ടി പ്രവർത്തകർ വിയർപ്പൊഴുക്കി പണിയെടുത്തപ്പോള്‍, തലസ്ഥാനത്തെ കെപിസിസി ആസ്ഥാനത്തിരുന്ന് പാർട്ടിയുടെ സൈബർ വിങ് എടുത്ത പണിയുടെ റിസള്‍ട്ടാണ് സൈറ്റിലുള്ളത്. ഡിജിറ്റല്‍ യുഗത്തില്‍ പാർട്ടിയുടെ മുഖമായ ഔദ്യോഗിക വെബ്‌സൈറ്റ് ഇങ്ങനെ നാഥനില്ലാ കളരിയായി കിടക്കുന്നത്.

















