വയനാട് കുടുംബശ്രീ ജില്ലാ മിഷനിലെ ആദിവാസി വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകളില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയ സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാരെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു.വനവിഭവങ്ങളുടെ വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ഇവർ ക്രമക്കേട് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയുമായി അധികൃതർ രംഗത്തെത്തിയത്.
കുടുംബശ്രീയുടെ ആദിവാസി മേഖലയിലെ സ്പെഷ്യല്‍ പ്രോജക്‌ട് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ, സിപിഎം കല്‍പ്പറ്റ സിവില്‍ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ജയേഷ് വിയാണ് നടപടി നേരിട്ട ഒരാള്‍. വിഡികെ കോർഡിനേറ്റർ ഹരീഷ്, സ്പെഷ്യല്‍ പ്രോജക്‌ട് കോഡിനേറ്റർ സായികൃഷ്ണൻ എന്നിവരാണ് മറ്റ് രണ്ടുപേര്‍.
ആദിവാസി വിഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വനവിഭവങ്ങള്‍ വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇവർ ക്രമക്കേട് നടത്തിയത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീയിലെ പ്രധാന ഉദ്യോഗസ്ഥർ തന്നെ ഈ ഗുരുതര അഴിമതിക്ക് പിന്നില്‍ പ്രവർത്തിച്ചുവെന്ന കണ്ടെത്തല്‍ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ മൂന്ന് ഉദ്യോഗസ്ഥരെയും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഉടൻ തന്നെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

















