അധികാരം നഷ്ടമായിട്ടും പാലായിൽ കയ്യൂക്ക് തുടർന്ന് സിപിഎം. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് സിപിഎം സിഐടിയു സംഘടനകളുടെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത്. പ്രദേശത്തെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാൻഡ് അനാധ്യകൃതമായി പ്രൈവറ്റ് ബസ്റ്റാൻഡിലേക്ക് മാറ്റി സ്ഥാപിച്ചാണ് ഗുണ്ടായിസം നടത്തിയത്. ഏരിയ കമ്മിറ്റി ഓഫീസിൻറെ ദർശനം ആകർഷകമാക്കാനാണ് ഇത്തരം ഒരു അനധികൃത കയ്യേറ്റം നടത്തിയത്.
വർഷങ്ങളായി പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ഓട്ടോ സ്റ്റാൻഡ്. പാർട്ടി നേതാക്കൾ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തുമ്പോൾ വാഹനങ്ങൾ കയറുവാൻ ഓട്ടോ സ്റ്റാൻഡ് ഒരു തടസ്സമായിരുന്നു. ഇത് ഒഴിവാക്കാൻ ആയിട്ടാണ് ബസ്റ്റാൻഡിനുള്ളിലേക്ക് അനധികൃതമായി സ്റ്റാൻഡ് മാറ്റി സ്ഥാപിച്ചത്. എന്നാൽ പതിനായിരക്കണക്കിന് രൂപ വാടക നൽകി ഇവിടെ കട മുറികൾ എടുത്തിരിക്കുന്ന വ്യാപാരികൾക്ക് ഓട്ടോ സ്റ്റാൻഡ് ഒരു വെല്ലുവിളിയായി മാറുകയാണ്. ഈ സ്ഥാപനങ്ങളിലേക്ക് എത്തുന്ന ടൂവീലറുകളുടെ പാർക്കിംഗ് ഏരിയയാണ് ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ കയ്യേറിയിരിക്കുന്നത്.
മുഖ്യ കവാടത്തിലൂടെ പ്രവേശനവും, ബസ്സുകൾക്കും കാൽനടക്കാർക്കും മാർഗ്ഗ തടസ്സം ഉണ്ടാക്കുന്ന പാർക്കിങ്ങും
ബസ് സ്റ്റാൻഡിന്റെ മുഖ്യ കവാടത്തിലൂടെയാണ് ഓട്ടോകൾ സവാരി കഴിഞ്ഞ് സ്റ്റാൻഡിലേക്ക് തിരികെ എത്തുന്നത്. ഇവിടെ നിരനിരയായി പാർക്ക് ചെയ്യുന്ന ഓട്ടോകൾ സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശനത്തിനും, കാൽനട യാത്രക്കാരുടെ സഞ്ചാരത്തിനും വിഘാതം സൃഷ്ടിക്കുന്നുണ്ട്. കൊട്ടാരമറ്റത്തെ പാർട്ടി ഓഫീസിനു പുറമേ ഒരു പൊതു ഇടം ഇടം കൂടി തങ്ങളുടെ അധീനതയിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ കയ്യേറ്റം.
നോക്കുകുത്തികളായി ഭരണസമിതിയും അധികൃതരും
ഈ കയ്യേറ്റം കണ്ടിട്ടും നോക്കുകുത്തികളായി നിൽക്കുകയാണ് പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതി. മുനിസിപ്പൽ ആസ്തി വകകൾ സംരക്ഷിക്കേണ്ട നഗരസഭ അധികൃതരും നടപടിയൊന്നും കൈകൊണ്ടിട്ടില്ല. സിപിഎമ്മിന് മുന്നിൽ മുട്ടു വിറക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ നിലപാട് അപലപനീയമാണ്. നഗരത്തിലെ പല പ്രദേശങ്ങളിലും ഭരണം ഉണ്ടായിരുന്ന കാലത്ത് അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ച് ഓട്ടോ തൊഴിലാളികളോട് സർവീസ് ചാർജ് ഈടാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്ന സിഐടിയു കെ ടി യു സി അച്ചുതണ്ടിന്റെ ഇടപെടലും ഇവിടെ ഉണ്ടായിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു

















