സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകള്‍ തികച്ചും മയപ്പെടുത്തിയാണ് റിപ്പോർട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, വിമർശനങ്ങള്‍ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോർട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോർട്ടില്‍ അടിയന്തരമായി തിരുത്തലുകള്‍ വേണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത ആവശ്യമുയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പ്രധാന കാരണം ഭൂരിപക്ഷ വർഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. സംഘടനാ തലത്തിലും നയപരമായ സമീപനങ്ങളിലും അടിമുടി പാളിച്ചകള്‍ സംഭവിച്ചതായി യോഗത്തില്‍ വിമർശനമുയർന്നു.
ഇതിനുപുറമെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നതാണ് ഉയർന്നുവന്ന മറ്റൊരു പ്രധാന വിമർശനം. തൊലിപ്പുറത്തുള്ള ചികിത്സകള്‍ കൊണ്ട് മാത്രം പാർട്ടിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, വരുന്ന ഓഗസ്റ്റ് മാസത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ വലിയ തോതില്‍ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം സിപിഎം നേതൃത്വം സമ്മതിക്കുന്നുണ്ട്. ഇതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകള്‍ മാത്രമാണോ, അതോ വർഗീയതയോട് പാർട്ടി നേതാക്കള്‍ സ്വീകരിച്ച ‘അഴകൊഴമ്പൻ’ സമീപനവും കാരണമായോ എന്നത് ഗൗരവമായാണ് ചർച്ചചെയ്യപ്പെടുന്നത്.വെള്ളാപ്പള്ളിയോടുള്ള സമീപനം തെറ്റായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ടിലെ പരാമർശം കൂടുതല്‍ കടുപ്പിക്കണമെന്നും പാർട്ടിയുടെ വർഗീയ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കർശനമാക്കണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയർന്നുവന്ന പ്രധാന ആവശ്യം.
പാർട്ടിയുടെ ഉറച്ച കോട്ടയായ കണ്ണൂരിലുണ്ടായ വൻ തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയില്‍ ചില കുറ്റസമ്മതങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച വേളയില്‍ ഈ യാഥാർഥ്യബോധം അദ്ദേഹത്തിന് എന്തുകൊണ്ട് ഉണ്ടായില്ലെന്ന രൂക്ഷമായ മറുചോദ്യവും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയിലെ ഈ ചൂടേറിയ ചർച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. യോഗത്തില്‍ ഉയർന്നുവന്ന രൂക്ഷവിമർശനങ്ങളും പൊതുവികാരവും അദ്ദേഹം അതേപടി മാധ്യമങ്ങളോട് തുറന്നുപറയുമോ, അതോ പതിവുപോലെ ഒഴിഞ്ഞുമാറുമോ എന്നാണ് ഇനി അറിയേണ്ടത്. നേതൃത്വത്തിന്റെ ഈ പുതിയ കണ്ടെത്തലുകള്‍ വരും ദിവസങ്ങളില്‍ കീഴ് ഘടകങ്ങളില്‍ വിശദമായി ചർച്ച ചെയ്യപ്പെടും.

















