കരിപ്പൂരിലെ സ്വർണം പൊട്ടിക്കല്‍ സംഘത്തില്‍ പിടിയിലായ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത്ത് സജീവ സിപിഐഎം പ്രവർത്തകൻ.കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കർണാടക സ്വദേശിയുള്‍പ്പെടെ 13 പേരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വ്യത്യസ്ത സംഘങ്ങളില്‍ പെട്ടവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വാഹനങ്ങളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണല്‍ അറൈവല്‍ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കല്‍ നിന്നും രണ്ട് കാറുകള്‍, രണ്ട് സ്കൂട്ടറുകള്‍, 14 മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത് ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ വാട്സ്‌ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികള്‍ കരിപ്പൂരില്‍ സ്വർണം പൊട്ടിക്കാനായി എത്തിയത്.
പിടിയിലായവരില്‍ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്. ഷാരോണ്‍, അക്ഷയ്, താജുദ്ദീൻ, സ്വരലാല്‍, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

















