തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്.കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകള്‍ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ റഹീമും പറഞ്ഞു.
അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഇഡി, സിബിഐ എന്നൊക്കെ കേട്ടാല്‍ തല കുനിച്ചു ചെല്ലുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ബിജെപി കണ്ടത്. ഇഡിക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാൻ കഴിയില്ല. കള്ളപണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടൊയെന്നും എം.സ്വരാജ് ചോദിച്ചു.
അതേസമയം, എക്സാലോജിക് ഇടപാടില്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായിയുടെ വീടുള്‍പ്പടെ ഇഡി നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനം എന്താണെന്ന് ഇ.പി ജയരാജൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെ എങ്ങിനെ കേന്ദ്ര ഏജൻസി ഇടപെട്ടു. ഇ.ഡി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംസ്ഥാനത്തിൻ്റെ അധികാരത്തിൻ്റെ മേലുള്ള കടന്നു കയറ്റം. സംഭവത്തില്‍ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ല.
ആഭ്യന്തര വകുപ്പ് ഇ.ഡി റെയ്ഡ് സംബന്ധിച്ച പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം. ആം ആദ്മി പാർട്ടിക്കെതിരെ ഡല്‍ഹിയില്‍ സ്വീകരിച്ച നിലപാട് കേരളത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് തുടരുന്നു. ആർഎസ്‌എസ് അജണ്ടക്ക് മുഖ്യമന്ത്രിയും കേരള സർക്കാരും കീഴടങ്ങുന്നു. ബിജെപിയുമായുള്ള ഡീല്‍ സർക്കാർ വന്ന ശേഷവും കോണ്‍ഗ്രസ് തുടരുന്നു. പിണറായിയെയും കുടുംബത്തെയും വേട്ടയാടി കേരളത്തില്‍ എല്‍ഡിഎഫിനെ തകർക്കാനാണ് ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡ് നടത്തിയത് നോട്ടീസ് പോലും നല്‍കാതെയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ വാർത്തായാക്കാനായിരുന്നു നീക്കം. റെയ്ഡ് കഴിഞ്ഞ ശേഷം ബോധപൂർവം പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. പ്രകോപനം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ബോധപൂർവം ശ്രമം ഉണ്ടായി. ക്ഷുഭിതരായ ജനങ്ങള്‍ക്ക് നേരെ വണ്ടി എടുത്ത് പോയി പ്രശ്‌നം സൃഷ്‌ടിക്കുകയാണ് ഉണ്ടായത്. കോടിയേരിയുടെ വീട്ടില്‍ ഇഡി യുടെ റെയ്ഡില്‍ പാർട്ടി പ്രതികരിച്ചില്ല എന്ന വാദം അടിസ്ഥാനമില്ലാത്തത്. അന്നത്തെ കാര്യങ്ങള്‍ വിലയിരുത്തിയാണ് പാർട്ടി നിലപാട് സ്വീകരിച്ചത്. ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പാർട്ടി നിലപാട് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

















