വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച്‌ കടന്നു കളഞ്ഞ പാരലല്‍ കോളേജ് അധ്യാപകൻ അറസ്റ്റില്‍.അഞ്ചല്‍ പനയഞ്ചേരി പ്ലാവിള വീട്ടില്‍ ഹരിഷ് കുമാറി (31) നെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഞ്ചല്‍ ചന്തമുക്കില്‍ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്.

കനത്ത മഴയില്‍ നനയാതിരിക്കാൻ എന്ന മട്ടിലാണ് ഇയാള്‍ വയോധികയുടെ അടുത്ത് എത്തിയത്. തുടർന്ന് മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. ഓമനയുടെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വർണ്ണം പണയപ്പെടുത്തിയ ശേഷം പണവുമായി ഇയാള്‍ കാസർകോട്ടേക്ക് മുങ്ങി. ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തിയ പ്രതിയെ കൊല്ലത്തു നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മാലയുടെ ഒരു ഭാഗം മാത്രമാണ് ആയുരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയതെന്നും ബാക്കി കാസർകോട്ട് എത്തിച്ച്‌ വിറ്റു എന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

പുനലൂർ എ എസ് പി ഡോ.അപർണ ഒ ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ അംഗങ്ങളായ അഞ്ചല്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു എസ് എ , എസ് ഐ മാരായ ആശിഷ് കോഹൂർ,ഓമനക്കുട്ടൻ , സീനിയർ സിവില്‍ പോലീസ് ഓഫീസർ മാരായ മനോജ് ,വിപിൻ ആർ സി ,മഹേഷ്, സിവില്‍ പോലീസ് ഓഫീസറായ രമേശ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക