കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ക്രൂരത കാട്ടിയ സ്‌കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലിങ്ങല്‍പറമ്പ് എംഎസ്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകനും വടകര സ്വദേശിയുമായ ബെല്‍രാജിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും മറ്റ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നുതന്നെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.
കല്ലിങ്ങല്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയ്ക്കാണ് (10) അദ്ധ്യാപകന്റെ ക്രൂരമര്‍ദനമേറ്റ് കൈപ്പത്തിയിലെ എല്ല് പൊട്ടുന്ന തരത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പനി ബാധിച്ച് മൂന്നുദിവസത്തോളം കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പനി മാറി തിരികെ സ്‌കൂളിലെത്തിയ ദിവസം തന്നെയാണ് ശ്രിയയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അദ്ധ്യാപകന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസില്‍ വരാതിരുന്നതിനാല്‍ നഷ്ടപ്പെട്ട പാഠഭാഗങ്ങള്‍ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി ബെഞ്ചിലിരുന്ന് എഴുതിയെടുക്കുകയായിരുന്നു ശ്രിയ. ഈ സമയം പിന്നിലൂടെ വന്ന അദ്ധ്യാപകന്‍ ചൂരലുകൊണ്ട് കുട്ടിയുടെ വലതു കൈപ്പത്തിയില്‍ ശക്തമായി അടിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനത്തിന് ശേഷവും കുട്ടിയോട് അടിയേറ്റ കൈകൊണ്ടുതന്നെ ബോര്‍ഡില്‍ എഴുതിപ്പിച്ചു. കൈയ്ക്ക് കടുത്ത വേദനയുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാനോ വീട്ടുകാരെ വിവരമറിയിക്കാനോ ഈ അദ്ധ്യാപകന്‍ തയ്യാറായില്ല.
കൈയ്യില്‍ കടുത്ത നീരുവന്നു ഭക്ഷണം കഴിക്കാന്‍പോലുമാകാതെ കുട്ടി ക്ലാസിലിരുന്ന് കരഞ്ഞതോടെയാണ് ക്ലാസ് ടീച്ചര്‍ ഇടപെടുന്നത്. തുടര്‍ന്ന് സംഭവം വലിയ പ്രശ്‌നമായെന്ന് മനസ്സിലായതോടെ അദ്ധ്യാപകര്‍ തന്നെ പിന്നീട് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടുകാരാണ് തുടര്‍ന്ന് കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കൈപ്പത്തിയിലെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ബാലാവകാശ കമ്മീഷനും നേരിട്ടെത്തി കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

















