കൊച്ചിയിലെ ഫോര്ട്ട് കൊച്ചിയിലുള്ള കെ.എസ്.ഇ.ബി ഓഫീസിനു നേരെയുവാവിന്റെ ആക്രമണം. രാത്രിയിലെ വൈദ്യുതി മുടക്കം ചോദ്യം ചെയ്തെത്തിയ യുവാവ് ഓഫീസ് അടിച്ചുതകര്ത്തതായാണ് പരാതി.ഇന്നലെ രാത്രിയാണ് സംഭവം.സംഭവത്തില് കെ.എസ്.ഇ.ബി ജീവനക്കാര് പൊലിസില് പരാതി നല്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള് ഉള്പ്പെടെയുള്ള തെളിവുകളും പരാതിക്കൊപ്പം കൈമാറി. പ്രതിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാള്ക്കെതിരേ ഉടന് നടപടിയുണ്ടാകുമെന്നാണ് പൊലിസ് നല്കുന്ന സൂചന.
അതേസമയം, നിലവിലെ വൈദ്യുതി ക്ഷാമ സാഹചര്യത്തില് ലോഡ് ഷെഡിങ് ഒഴിവാക്കാന് കഴിയില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്ന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തേണ്ടിവന്നതെന്നാണ് അധികൃതര് പറയുന്നത്.
കഴിഞ്ഞ ദിവസം പല ഘട്ടങ്ങളിലായി ഒന്നര മണിക്കൂര് വരെ ലോഡ് ഷെഡിങ് ഏര്പ്പെടുത്തിയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപയോഗം 91.78 ദശലക്ഷം യൂണിറ്റിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്ന്ന ഉപഭോഗമാണിത്. വൈദ്യുതി ആവശ്യകതയില് 500 മെഗാവാട്ടിന്റെ വര്ധനയും രേഖപ്പെടുത്തി.
മഴക്കുറവും ഉയര്ന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഗണ്യമായി വര്ധിച്ചിരിക്കുകയാണ്. രാജ്യത്താകെ ആവശ്യകത കൂടിയതോടെ പവര് എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഹ്രസ്വകാല കരാര് വഴി വൈദ്യുതി വാങ്ങാന് റെഗുലേറ്ററി കമ്മിഷന് അനുമതി നല്കിയിട്ടുണ്ടെങ്കിലും അത് ഉടന് ലഭ്യമാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കഴിഞ്ഞ വര്ഷം ജൂലൈയില് 3500-3600 മെഗാവാട്ടായിരുന്ന പീക്ക് വൈദ്യുതി ആവശ്യകത ഈ വര്ഷം 4600-4800 മെഗാവാട്ടായി ഉയര്ന്നു. ഡാമുകളില് 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും കടം വാങ്ങിയ വൈദ്യുതി തിരിച്ചുനല്കേണ്ട ബാധ്യതയുമുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി മറികടക്കാന് പൊതുജനങ്ങള് വൈദ്യുതി ഉപയോഗത്തില് മിതത്വം പാലിക്കണമെന്നും പ്രത്യേകിച്ച് എ.സി ഉപയോഗം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്ഥിച്ചിട്ടുണ്ട്.

















