ഹൃദയത്തിൽ നിന്നുള്ള വാക്കുകളും, ഹൃദയസ്പർശിയായ അവതരണവും കലർപ്പില്ലാത്ത നർമ്മവും; ഹോളിവുഡ് റിപ്പോർട്ടർ വേദിയിലെ ബേസിൽ ജോസഫിന്റെ പ്രസംഗം കേട്ട് ആസ്വദിച്ച് പ്രമുഖ താരങ്ങൾ: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം,
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ‘കുഞ്ഞിരാമായണം’ സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയർച്ച.സമീപ വർഷങ്ങളിലായി തുടർച്ചയായ ഹിറ്റുകളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ ബേസിലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
‘ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സത്യസന്ധമായ വാക്കുകള്‍ കൊണ്ട് ബേസില്‍ സദസ്സിന്റെ കയ്യടികള്‍ ഏറ്റുവാങ്ങിയത്.വലിയൊരു വേദിയില്‍, തന്റെ പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയതിലുള്ള ആവേശവും സന്തോഷവും ഒപ്പം താനേറെ ബഹുമാനിക്കുന്ന പ്രതിഭകള്‍ക്കു മുന്നില്‍ നിന്ന് സംസാരിക്കേണ്ടതിന്റെ പരിഭ്രമവുമെല്ലാം ബേസിലിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്റെ മനസ്സിലെ സന്തോഷവും ആശങ്കയുമൊന്നും മറച്ചുവയ്ക്കാതെ നർമം കലർത്തി തന്റെ സ്വതസിദ്ധമായ രീതിയിലായിരുന്നു ബേസില്‍ പ്രസംഗിച്ചത്. സംവിധായകരായ രാജ് കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയുമാണ് ബേസിലിന് പുരസ്കാരം സമ്മാനിച്ചത്.
“ഈ അംഗീകാരം സ്വീകരിക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സത്യത്തില്‍ ഞാൻ വളരെ വികാരാധീനനാണ്. ഒരു പ്രസംഗം ഒക്കെ തയാറെടുത്തു വന്നെങ്കിലും ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നല്‍കിയ ആ രണ്ട് വ്യക്തികള്‍, ഞാൻ അവരുടെ വലിയ ആരാധകനാണ്.””ഒരു സംവിധായകനായാണ് ഞാനെന്റെ സിനിമാ ജീവിതം തുടങ്ങിയത്, പിന്നീട് നടനായി മാറുകയായിരുന്നു. ഇത്രയധികം പ്രതിഭകള്‍ക്ക് മുന്നില്‍ ഈ വേദിയില്‍ നില്‍ക്കാൻ സാധിക്കുന്നത് അത്ഭുതമാണ്. ഒരു നടനെന്ന നിലയില്‍ ഈ അവാർഡ് ലഭിക്കുക എന്നതും ഞാൻ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യമാണ്. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതില്‍ പ്രപഞ്ചത്തോടും ദൈവത്തോടും ഞാൻ നന്ദി പറയുന്നു. എന്റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവർത്തകരോടും ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.”
“സത്യം പറഞ്ഞാല്‍, ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചും വലിയ പാർട്ടികളില്‍ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല. ഇവിടെ എത്തിയപ്പോള്‍ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഞാനും ആളുകളോട് അത് തിരിച്ചു പറഞ്ഞു. പെട്ടെന്ന് ഒരു നടി എന്റെ അടുത്തു വന്ന് പറഞ്ഞു, “ബേസില്‍, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്”. ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, “എനിക്കും നിങ്ങളെ ഇഷ്ടമാണ്! ഞാൻ എല്ലാവരോടും പറയാൻ മറന്നു, ഈ റൂമിലിരിക്കുന്ന എല്ലാവരും കാണാൻ നന്നായിരിക്കുന്നു.”
വേദിയില്‍ വച്ച് സംവിധായകൻ രാജ്കുമാർ ഹിറാനിയോടായി ബേസില്‍ പറഞ്ഞ വാക്കുകളും സദസ്സില്‍ ചിരി പടർത്തി. “സർ ഒരു ചലച്ചിത്ര നിർമാതാവ് എന്ന നിലയില്‍ ഞാൻ പ്രധാനമായും തമാശയ്ക്കും നർമത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. താങ്കളുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. താങ്കളുടെ ഓഫിസിന്റെ ഭിത്തിയില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചില കീവേഡുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. ചിരി (ലാഫ്), പ്രണയം (ലൗ), പിന്നെ.. എല്‍.എസ്.ഡി (എല്‍എസ് ഡി) അല്ല, എല്‍.സി.ഡി (എല്‍സി ഡി) ക്ഷമിക്കണം, എനിക്ക് തെറ്റിയതാണ്. ‘L’ ഫോർ ലാഫ് (ലാഫ്), ‘C’ ഫോർ ക്രൈ (Cry)… മൂന്നാമത്തേത് ഞാൻ മറന്നുപോയി, ഞാൻ പോയിട്ട് അത് വീണ്ടും പരിശോധിക്കും സാർ,” നർമ്മം കലർത്തി ബേസില്‍ പറഞ്ഞതിങ്ങനെ.ചിരിയോടെയും കയ്യടികളോടെയും നിറഞ്ഞ സ്നേഹത്തോടെയുമാണ് സദസ്സ് ബേസിലിന്റെ പ്രസംഗത്തെ വരവേറ്റത്.
“ഞാനൊരുപാട് വേദികളില്‍ അവതാരകയായി എത്തിയിട്ടുണ്ട്, ഒരുപാട് സ്പീച്ചുകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഒരു റൂമിനെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തൊരു സ്പീച്ച് കേട്ടിട്ടില്ല,” എന്നായിരുന്നു അവതാരകയുടെ കമന്റ്.എന്തായാലും പരിഭ്രമവും ആവേശവും സന്തോഷവുമെല്ലാം മറച്ചുവയ്ക്കാതെയുള്ള ബേസിലിന്റെ ജനുവിനായ പ്രസംഗത്തിനു കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക