മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കാസർഗോഡ് സ്വദേശിനിയായ വിദ്യ മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ അനുഭവ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലെ പ്രതിയാണ്. അട്ടപ്പാടി ആർജിഎം ഗവണ്‍മെന്റ് കോളേജിലും കരിന്തളം ഗവണ്‍മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലും ജോലി നേടാൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
2023 ജൂണില്‍ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.ആർഷോയുടെ പഠനവുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങള്‍ ഉയർന്നിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പി.ജി കോഴ്സില്‍ പഠിച്ചിരുന്ന അദ്ദേഹം പിന്നീട് എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ച് പഠനം അവസാനിപ്പിക്കുകയായിരുന്നു.

















