ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികള്‍ ചത്തതായി പരാതി.ഏപ്രില്‍ 25ന് രാത്രി സുല്‍ത്താൻപൂരിലെ കുദ്വാർ ഏരിയയിലാണ് സംഭവം നടന്നത്. കുദ്വാർ ഏരിയയിലെ രാം ഭദ്ര പൂർവ സ്വദേശിയായ ബബ്ബൻ വിശ്വകർമ എന്നയാളുടെ മകളുടെ വിവാഹ ഘോഷയാത്ര സാബിർ അലി എന്നയാളുടെ കോഴിഫാമിന് മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്.
രാത്രി 9:30ഓടെ ഉച്ചത്തിലുള്ള സംഗീതവുമായി എത്തിയ ഡിജെ സെറ്റുകള്‍ ഫാമിലെ കോഴികളില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കി. കഠിനമായ ശബ്ദം കാരണം കോഴികള്‍ കൂട്ടത്തോടെ ചത്തുവീഴുകയായിരുന്നുവെന്ന് ഫാം ഉടമ സാബിർ അലി തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. തനിക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണം ഡിജെ ശബ്ദമാണെന്ന് കാണിച്ച് സാബിർ അലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പാഴ്സിപൂർ സ്വദേശിയായ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ കേസെടുത്തു. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ശബ്ദം ഉപയോഗിച്ചിട്ടുണ്ടോ എന്നും, ഈ ശബ്ദതരംഗങ്ങളാണോ മരണത്തിന് നേരിട്ട് കാരണമായതെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഉയർന്ന ഡെസിബെല്ലിലുള്ള ശബ്ദം പക്ഷികളിലും മൃഗങ്ങളിലും കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്ന് മൃഗസംരക്ഷണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷികളുടെ ഹൃദയമിടിപ്പ് വർധിക്കാനും ഒടുവില്‍ ഹൃദയാഘാതം സംഭവിക്കാനും ഇത്തരം തീവ്രമായ ശബ്ദതരംഗങ്ങള്‍ കാരണമായേക്കാം. പക്ഷി വളർത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കണമെന്ന നിർദേശം നിലനില്‍ക്കെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഡിജെ ഓപ്പറേറ്ററോ വിവാഹ വീട്ടുകാരോ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പൂർത്തിയായ ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

















