നിശ്ചയിച്ചുറപ്പിച്ച വിവാഹാലോചനയ്ക്കിടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന അസാധാരണമായ അനുഭവത്തെക്കുറിച്ച്‌ ബെംഗളൂരുവിലെ ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പ്രതിവർഷം 38 ലക്ഷം രൂപ വരുമാനമുള്ള, പ്രമുഖ കമ്പനിയില്‍ എസ്‌ഡി‌ഇ-2 ആയി ജോലി ചെയ്യുന്ന 29-കാരനായ യുവാവിനാണ് ഒരു കമ്പനി ഇന്റർവ്യൂവിനെപ്പോലും വെല്ലുന്ന രീതിയിലുള്ള ഈ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്നത്.

കഴിഞ്ഞ ആറുമാസമായി വിവാഹ വിപണിയില്‍ അനുയോജ്യമായ പങ്കാളിയെ തേടുന്ന തനിക്ക്, തന്റെ സ്ഥാപനത്തിലെ എച്ച്‌ആർ വിഭാഗം നടത്തുന്ന പശ്ചാത്തല പരിശോധനകള്‍ പോലും ഇതിനു മുന്നില്‍ ഒരു തമാശയായി തോന്നുന്നുവെന്ന് അദ്ദേഹം ‘ഗ്രേപ്‌വൈൻ’ എന്ന പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇതോടെ വിവാഹമേ വേണ്ടെന്ന ചിന്തയിലാണ് ഈ യുവാവ് എത്തിച്ചേർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ദിരാനഗറിലെ ഒരു കഫേയില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയ്ക്കിടെ തികച്ചും അപ്രതീക്ഷിതമായാണ് പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ചത്. കുശലാന്വേഷണങ്ങള്‍ക്കിടെ യുവാവിന്റെ ഫോണ്‍ വാങ്ങി സിബില്‍ സ്കോർ കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം ഇത് തമാശയായി കരുതിയെങ്കിലും തനിക്ക് രഹസ്യമായി വായ്പകളോ ക്രെഡിറ്റ് കാർഡ് കടങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താനാണെന്ന് ഗൗരവത്തോടെ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

സാമ്പത്തിക കാര്യങ്ങള്‍ക്ക് പുറമെ യുവാവിന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചും കടുത്ത ചോദ്യങ്ങളാണ് ഉയർന്നത്. ഐടി മേഖലയിലെ പിരിച്ചുവിടലുകള്‍ മുന്നില്‍ക്കണ്ട് മകള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ യുവാവിന്റെ അവസാന വർഷത്തെ പ്രകടന വിലയിരുത്തല്‍ റിപ്പോർട്ടും (Performance Appraisal) ടീമിലെ മികച്ച ജീവനക്കാരനാണോ എന്ന വിവരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.

വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പൊരുത്തത്തേക്കാള്‍ ഉപരിയായി ഒരു സാമ്പത്തിക ഇടപാടായി മാറുന്നതിലെ അമർഷമാണ് യുവാവ് കുറിപ്പിലൂടെ പങ്കുവെച്ചത്. ഇതോടെ അറേഞ്ച്ഡ് മാര്യേജ് പ്രക്രിയയില്‍ ഇത്തരം പ്രവണതകള്‍ കടന്നുകൂടുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളും ചർച്ചകളും ഉയർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക