തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്തെന്നും വിമർശനം.ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പില്‍ ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ അടക്കമാണ് വിമർശനം ഉന്നയിച്ചത്. ചർച്ചയിലെ വിമർശനത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി ഉണ്ടായില്ല.
ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിരോധിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലന്നും വിമർശനം. ടികെ ഗോവിന്ദൻ ആയിരുന്നു തളിപ്പറമ്പില്‍ അട്ടിമറി വിജയം നേടിയത്. സിപിഐഎമ്മിന്റെ ഉറച്ച കോട്ടയില്‍ സിപിഐഎമ്മിന് വിജയിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായിരുന്നു. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രംഗത്തെത്തിയ മുൻ കണ്ണൂർ ജില്ല കമ്മറ്റി അംഗമായ ടികെ ഗോവിന്ദൻ പാർട്ടിക്കെതിരെ മത്സരിക്കുകയായിരുന്നു.
വോട്ടെണ്ണലില്‍ ആധിപത്യം പുലർത്തിയാണ് ടി കെ ഗോവിന്ദൻ തളിപ്പറമ്പില്‍ അട്ടിമറി വിജയം നേടിയത്. 90.353 വോട്ടാണ് ടി കെ ഗോവിന്ദൻ സ്വന്തമാക്കിയത്. ഇതോടെ 12,627 വോട്ടിൻറെ വ്യക്തമായ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി. 77,726 വോട്ടുകള്‍ മാത്രമാണ് പി കെ ശ്യാമളയ്ക്ക് ലഭിച്ചത്.

















