സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റപ്പോള്‍ ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കിയത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പ്രതികരണത്തിനാണ്.കമല്‍ഹാസനടക്കമുള്ള വമ്പന്‍ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെട്ട മണ്ണില്‍, കന്നിയങ്കത്തില്‍ തന്നെ തമിഴകം പിടിച്ചടക്കിയ വിജയിന്റെ രാഷ്ട്രീയ പ്രവേശം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം മുതല്‍ സഹപ്രവര്‍ത്തകരുടെ അഭിനന്ദന പ്രവാഹം വരെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ രജനികാന്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.
ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനികാന്തിനെ പതിവുപോലെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോഴാണ് വിജയിന്റെ രാഷ്ട്രീയ വിജയത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നത്. എന്നാല്‍ തമിഴകത്തിന്റെ ദളപതി മുഖ്യമന്ത്രിയായതിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാന്‍ രജനി തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കൈകൂപ്പി, പുഞ്ചിരിയോടെ മറുപടി നല്‍കാതെ നടന്നുനീങ്ങുകയാണ് അദ്ദേഹം ചെയ്തത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. ഇതിനെ ചുറ്റിപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വാക്‌പോര് മുറുകി.
രജനികാന്തിന്റെ ഈ മൗനത്തെ ചിലര്‍ ആദരവോടെ നോക്കിക്കണ്ടപ്പോള്‍ മറ്റു ചിലര്‍ ഇതില്‍ അതൃപ്തി രേഖപ്പെടുത്തി. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും മിടുക്കരാണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് രജനി ബോധപൂര്‍വം ഒഴിഞ്ഞുമാറിയതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വാദിക്കുന്നു. പലപ്പോഴും നിശബ്ദതയാണ് ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹത്തെ ഇത്തരം അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 75 വയസ്സായ ഒരു മുതിര്‍ന്ന താരത്തോടുള്ള ബഹുമാനം എല്ലാവരും കാണിക്കണമെന്നും, പ്രകാശ് രാജിനെയോ സീമനെയോ പോലെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്ന രീതിയല്ല രജനികാന്തിന്റേതെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം, വിമാനത്താവളത്തിലെ നിശബ്ദത രജനികാന്തിന്റെ വിയോജിപ്പായി കാണേണ്ടതില്ലെന്നതാണ് വസ്തുത. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ വിജയിനെ പരസ്യമായി അഭിനന്ദിക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല. തമിഴക വെട്രി കഴകത്തിന്റെ ഉജ്ജ്വല വിജയത്തില്‍ പാര്‍ട്ടിക്കും പ്രസിഡന്റ് വിജയിനും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് രജനി എക്‌സില്‍ കുറിപ്പിട്ടിരുന്നു. ഇതിന് ‘സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ സ്‌നേഹനിര്‍ഭരമായ ആശംസകള്‍ക്ക് ഹൃദയംഗമമായ നന്ദി’ എന്ന് വിജയ് മറുപടി നല്‍കുകയും ചെയ്തിരുന്നു. വ്യക്തിപരമായ സൗഹൃദവും ബഹുമാനവും നിലനില്‍ക്കുമ്പോഴും, രാഷ്ട്രീയ വിഷയങ്ങളില്‍ കൂടുതല്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കി വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് രജനികാന്ത് ശ്രമിക്കുന്നതെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

















