സംശയരോഗം തലയ്‌ക്കുപിടിച്ച പിതാവ് അമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചിട്ടും, 20 മണിക്കൂറോളം വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംകാട്ടില്‍ ഒറ്റയ്‌ക്ക് അതിജീവിച്ച്‌ രണ്ടുവയസ്സുകാരൻ.മധ്യപ്രദേശിലെ റൈസൻ-വിദിഷ ജില്ലകളിലെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ബീഗംഖണ്ഡ് സ്വദേശിയായ രാജേന്ദ്ര അഹിർവാർ ആണ് തന്റെ ഭാര്യ ജ്യോതിയെയും മകനെയും ക്രൂരതയ്‌ക്ക് ഇരയാക്കിയത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഇവരെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന്, വിജനമായ സ്ഥലത്തുവെച്ച്‌ കല്ലുകൊണ്ട് തലയ്‌ക്കടിച്ച്‌ ജ്യോതിയെ ഇയാള്‍ കൊലപ്പെടുത്തി. തുടർന്ന് രണ്ടുവയസ്സുകാരനായ മകനെ കാട്ടില്‍ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. ചെരിപ്പുപോലുമില്ലാതെ കാട്ടിലൂടെ കിലോമീറ്ററുകളോളം ആ കുഞ്ഞ് നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 12 പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ, ഡ്രോണുകള്‍, സ്നിഫർ ഡോഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെ രാത്രി മുഴുവൻ തിരച്ചില്‍ നടത്തി. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ മാറി ഒരു കുറ്റിക്കാടിന് സമീപം അവശനായ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

നിർജ്ജലീകരണം സംഭവിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. വന്യമൃഗങ്ങള്‍ നിറഞ്ഞ ആ കാട്ടില്‍ ആ കുഞ്ഞ് ഇത്രയും നേരം അതിജീവിച്ചത് ഒരു അത്ഭുതമായാണ് കാണുന്നത്.പ്രതിയായ രാജേന്ദ്ര അഹിർവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക