പ്രായപൂർത്തിയാകാത്ത മകളോട്‌ മോശമായ രീതിയില്‍ പെരുമാറിയതിനെത്തുടർന്ന് യുവാവിനെ ലിവ്‌ഇൻ പങ്കാളിയും സഹോദരിയും ചേർന്ന് അടിച്ചുകൊന്നു.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊലപാതകത്തിന്‌ ശേഷം ജീവനൊടുക്കിയതെന്ന് വരുത്തിതീർക്കാൻ പ്രതികള്‍ മൃതദേഹം കെട്ടിത്തൂക്കി. സംഭവത്തില്‍ കിരണ്‍ (32) സഹോദരി കഷിഷ് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കിരണും ഇവരുടെ ലിവ്‌ഇൻ പങ്കാളി സാക്കിറും (38) ട്രോണിക്ക സിറ്റിയിലെ വാടകവീട്ടിലായിരുന്നു താമസം. കിരണിന്റെ 13കാരിയായ മകളോട്‌ സാക്കിർ ലൈംഗിക ചുവയോടെ പെരുമാറുന്നുണ്ടെന്ന സംശയത്തെച്ചൊല്ലി ഇവർക്കിടയില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സഹോദരിയുമായി ചേർന്ന് കിരണ്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യം നടത്താൻ ജൂണ്‍ 23ന് രാവിലെ പ്രതികള്‍ സാക്കിറിന്റെ ഫോണ്‍ ഉപയോഗിച്ച്‌ ഒരു ടാക്‌സി ബുക്ക് ചെയ്തു. ടാക്‌സി എത്തിയതോടെ കിരണിന്റെ മൂന്ന് കുട്ടികളെയും (ഒരു മകളും രണ്ട് ആണ്‍കുട്ടികളും) കാറിനുള്ളില്‍ കൊണ്ടുപോയി ഇരുത്തി. തുടർന്ന് വീട്ടില്‍ തനിച്ചായ സാക്കിറിന്റെ തലയ്ക്ക് കിരണ്‍ വടികൊണ്ട് അടിയ്ക്കുകയായിരുന്നു. സാക്കിർ ബോധരഹിതനായി വീണതോടെ രണ്ട് സഹോദരിമാരും ചേർന്ന്‌ തോർത്ത് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ മരണം ഉറപ്പാക്കി.

കൊലപാതകത്തിന്‌ ശേഷം പൊലീസിനെ വഴിതിരിക്കാൻ അതിവിദഗ്ധമായ കാര്യങ്ങളാണ് പ്രതികള്‍ ചെയ്‌തത്. തുണി സീലിംഗ് ഫാനില്‍ കെട്ടുകയും, ആത്മഹത്യയാണെന്ന്‌ വരുത്തി തീർക്കാൻ ഫാനിന്റെ ലീഫുകള്‍ വളയ്ക്കുകയും ചെയ്തു. ഇതിനുശേഷം കൊലപാതകത്തിന് ഉപയോഗിച്ച വടി വീടിന്റെ മുകളിലെ വാട്ടർ ടാങ്കിന് പിന്നില്‍ ഒളിപ്പിച്ചു. തുടർന്ന് സാക്കിർ ആത്മഹത്യ ചെയ്‌തേ എന്ന് പറഞ്ഞ് കിരണ്‍ ബഹളം വയ്ക്കുകയായിരുന്നു. സാക്കിറിന്റെ ഫോണില്‍ നിന്ന് സഹോദരൻ സമീർ ഖാനെ വിളിച്ച്‌ സാക്കിർ തൂങ്ങിമരിച്ചെന്നും കിരണ്‍ വിശ്വസിപ്പിച്ചു. ഉടൻ തന്നെ ബന്ധുക്കളെത്തി സാക്കിറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സാക്കിറിന്റെ മരണം ശ്വാസം മുട്ടിയാണെന്നും തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും കണ്ടെത്തുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കിരണിനെയും അനിയത്തിയെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി മേല്‍നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക