സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്ന ശേഷം ഒളിവില്‍ പോയ പ്രതിയെ 40 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശി ചന്ദ്രശേഖരൻ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടില്‍ മോഹനൻപിള്ളയാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.1987 ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 25 വയസായിരുന്നു.

1987 ജനുവരി 11ന് വൈകിട്ട് 6ന് വീട്ടില്‍ മദ്യപിച്ച്‌ വന്ന് ബഹളം വച്ച ചന്ദ്രശേഖരൻപിള്ളയെ വെട്ടുകത്തികൊണ്ട് കഴുത്തിനു വെട്ടിയാണ് കൊന്നത്. ചന്ദ്രശേഖരൻപിള്ള മരിച്ചെന്ന് ഉറപ്പായപ്പോള്‍ നാടുവിട്ടു. ആദ്യം വേളാങ്കണ്ണിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി. കല്ലറ കാലയില്‍ വീട്ടില്‍ കേശവന്റെ മകൻ രാജൻ എന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. തുടർന്ന് വിവാഹം കഴിച്ച്‌ കുടുംബമായി താമസം തുടങ്ങി. ഇപ്പോള്‍ 35ഉം 37ഉം വയസുള്ള രണ്ടു മക്കളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ അസുഖം ബാധിച്ച്‌ കോട്ടയം മെഡി. ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വച്ച്‌ വെളിയം സ്വദേശിയായ ഒരാളെ കണ്ടു. നാട്ടിലെ വിവരങ്ങളൊക്കെ തിരക്കുന്നതിനിടെ അന്നത്തെ കൊലപാതകത്തെപ്പറ്റിയും അന്വേഷിച്ചു. സംശയം തോന്നിയ വെളിയം സ്വദേശി ഇക്കാര്യം പൊലീസില്‍ അറിയിച്ചു. ഇതിന്റെയും പ്രതിയുട‌െ ബന്ധുക്കളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് മുന്നോട്ടു നീങ്ങി. കൊട്ടയം ഭാഗത്ത് അന്വേഷണം വ്യാപിപ്പിക്കുകയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അടക്കം വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഷാപ്പിലെ നാക്ക് കുടുക്കി!

നിലവില്‍ വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിലെ ജോലിക്കാരനാണ് മോഹനൻപിള്ള. ഒരു ദിവസം മദ്യ ലഹരിയില്‍ ഷാപ്പില്‍ വഴക്ക് ഉണ്ടാക്കുകയും ‘കേസൊന്നും എനിക്ക് പുത്തരിയല്ല’ എന്നു വിളിച്ചുപറയുകയും ചെയ്ത കാര്യം ദൃക്സാക്ഷി പൊലീസിനു കൈമാറി.

ഇതിന്റെ അടിസ്ഥാനത്തില്‍ മോഹനൻപിള്ളയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രൂപമാറ്റം കാരണം, പൊലീസിന്റെ കൈവശമുള്ള ഫോട്ടോയിലൂടെ ആളെ തിരിച്ചറിയാൻ പറ്റിയില്ല. തുടർച്ചയായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

സഹോദരി സരസമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെയും കൊട്ടാരക്കര ഡിവൈ.എസ്.പി ബിനുകുമാറിന്റെയും നിർദ്ദേശാനുസരണം പൂയപ്പള്ളി എസ്.എച്ച്‌.ഒ പി. ഷാജിമോൻ, എസ്.ഐമാരായ എം. രജനീഷ്, ബാലാജി എസ്.കുറുപ്പ്, സി.പി,ഒമാരായ റിജു, വിപിൻ, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക