അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ (27) അപാർട്‌മെന്റ് കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബാത്ത്‌റൂമിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണെന്നും വാതില്‍തുറക്കുന്നില്ലെന്നും അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ ബലമായി പൊളിച്ച് അകത്തുകടന്നപ്പോള്‍ രാജിത നിലത്ത് മരിച്ചുകിടക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ താൻ പുറത്തുപോയി തിരികെ വന്നപ്പോഴേക്കും ഭാര്യ ബാത്ത്‌റൂമിനുള്ളിലായിരുന്നെന്നും വിളിച്ചിട്ട് വാതില്‍ തുറന്നില്ലെന്നും അവിനാഷ് ആവർത്തിച്ചു. എന്നാല്‍, ഇയാള്‍ പുറത്തായിരുന്ന സമയം മറ്റാരെങ്കിലും വീടിനുള്ളില്‍ പ്രവേശിച്ചതായി തെളിവുകള്‍ ലഭിച്ചില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്തുഞെരിച്ചുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നും നടന്നത് കൊലപാതകമാണെന്നും കിംഗ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യയിലെ ഒരു യുവതിയുമായി വർഷങ്ങളായി അവിനാഷിന് രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആ ബന്ധം തുടരുന്നതിനിടെയാണ് 2025 ജൂണ്‍ 5-ന് രാജിതയുമായി വിവാഹിതനായത്. വിവാഹച്ചടങ്ങില്‍ കാമുകിയും പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. വിവാഹശേഷവും ഇരുവരും ബന്ധം തുടർന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് കുറഞ്ഞത് നാല് തവണ കാമുകിയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇയാള്‍ കാമുകിക്ക് അയച്ചുകൊടുത്തതായും അന്വേഷണത്തില്‍ വ്യക്തമായി.
രാജിത പലപ്പോഴായി അവിനാഷിന് അയച്ച സന്ദേശങ്ങളും കേസില്‍ തെളിവായി. അവിനാഷ് തയ്യാറാക്കിയ പാനീയങ്ങള്‍ക്ക് പലതവണ കയ്‌പ് അനുഭവപ്പെട്ടിരുന്നതായി അവർ പരാതിപ്പെട്ടിരുന്നു. മരിച്ച ദിവസം തയ്യാറാക്കിയ സ്‌മൂത്തിക്ക് മരുന്നിന്റെയും ചുമയുടെ സിറപ്പിന്റെയും രുചിയായിരുന്നെന്ന് രാജിത അവിനാഷിന് സന്ദേശമയച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. കൊലപാതകക്കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവുശിക്ഷയാകും അവിനാഷിന് ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

















