കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകള്‍ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി.രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയില്‍ ക്ലർക്കായിരുന്ന നീരജ് ശർമ്മ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ആയുഷി ശർമ്മ, ഇവരുടെ വലിയച്ഛൻ മോഹൻ സ്വരൂപ് ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ ആയുഷിയുടെ ബന്ധുവായ ബല്‍റാം ഒളിവിലാണ്.

കഴിഞ്ഞ ജൂലൈ 3-ന് വൈകുന്നേരം ജയ്‌പൂരിലെ പ്രതാപ് നഗർ പ്രദേശത്തുവെച്ചാണ് നീരജ് ശർമ്മ കൊല്ലപ്പെടുന്നത്. മകനെ കോച്ചിങ് സെന്ററില്‍ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നീരജിനെ അമിതവേഗതയിലെത്തിയ സ്‌കോർപിയോ കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഏകദേശം 130 കി.മീ വേഗതയിലെത്തിയ കാർ ഇടിച്ചതിനെ തുടർന്ന് നീരജിന്റെ ശരീരം 100 അടിയോളം ദൂരേക്ക് തെറിച്ചുവീഴുകയും അവർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഇതൊരു സാധാരണ വാഹനാപകടമായാണ് കണക്കാക്കിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് റിപ്പോർട്ട് പ്രകാരം, ഒരു വർഷം മുമ്പാണ് ആയുഷിയുടെ പിതാവ് മരിച്ചത്. ആശ്രിത നിയമന പ്രകാരം പിതാവിന്റെ സർക്കാർ ജോലി തനിക്ക് വേണമെന്ന് ആയുഷി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാരനായ മകന്റെ സംരക്ഷണത്തിനായി നീരജ് ശർമ്മ ആ ജോലിയില്‍ പ്രവേശിച്ചു. ഇതിന് പുറമെ അമ്മയും മകളും തമ്മില്‍ സ്വത്തുതർക്കവും നിലനിന്നിരുന്നു. ജോലി തനിക്ക് നല്‍കാത്തതിലുള്ള കടുത്ത വൈരാഗ്യവും സ്വത്ത് സ്വന്തമാക്കാനുമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മയെ ഇല്ലാതാക്കാൻ ആയുഷി തന്റെ വലിയച്ഛനായ മോഹൻ സ്വരൂപുമായും ബന്ധുവായ ബല്‍റാമുമായും ചേർന്ന് ഗൂഢാലോചന നടത്തി. തുടർന്ന് ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമ്മ എന്നയാള്‍ക്ക് 7 ലക്ഷം രൂപ നല്‍കി അമ്മയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കുകയായിരുന്നു.

പ്രതികള്‍ ആദ്യം ഒരു ‘ഥാർ’ എസ്‌യുവി വാടകയ്‌ക്കെടുത്ത് ദിവസങ്ങളോളം നീരജിനെ നിരീക്ഷിച്ചെങ്കിലും കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് ഒരു മാസത്തോളം ഇവർ നീരജിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു. ഒടുവില്‍ ജൂലൈ 3-ന് നീരജ് പുറത്തുപോയ സമയം നോക്കി പ്രതികള്‍ പ്ലാൻ നടപ്പിലാക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതികളിലൊരാളായ മോഹിത് ശർമ്മ നീരജിന്റെ തത്സമയ ലൊക്കേഷൻ ക്വട്ടേഷൻ സംഘത്തിന് കൈമാറിക്കൊണ്ടിരുന്നു. മറ്റൊരു പ്രതിയായ രോഹിത് ജാതവ് ബൈക്കില്‍ സമീപത്ത് കാവല്‍ നിന്നു. നീരജ് റോഡിലൂടെ നടന്നു വരുമ്പോള്‍ ആകാശ് ശർമ്മ ഓടിച്ചിരുന്ന സ്‌കോർപിയോ കാർ അതിവേഗത്തില്‍ വന്ന് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അരവിന്ദ് ശർമ്മ എന്നയാളും ഈ കാറിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം കാർ ഉപേക്ഷിച്ച്‌ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തില്‍ ആയുഷി തന്റെ അമ്മയ്ക്ക് അപകടം പറ്റിയെന്ന് ബന്ധുക്കളെ വിളിച്ച്‌ കരഞ്ഞുപറയുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട നീരജിന്റെ സഹോദരൻ നല്‍കിയ പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മകള്‍ കുറ്റം സമ്മതിച്ചു. ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക