വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന്, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് വിഴിഞ്ഞം പോലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുന്‍പായിരുന്നു ഇവരുടെ രണ്ടാം വിവാഹവാര്‍ഷികം. നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍-കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
വൈകുന്നേരത്തോടെ അഭിലാഷിന്റെ പിതാവ് ചന്ദ്രന്‍ വീട്ടിലെത്തിയപ്പോള്‍ വീട് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വിഘ്നേശ്വരിയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി അയല്‍വാസിയുടെ സഹായത്തോടെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

















