കേരളത്തിലെയും തമിഴ്നാട്ടിലെയും ജനവികാരം പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട് എക്സിറ്റ് പോളുകള്‍. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോല്‍വിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല.60ലേറെ സീറ്റുകള്‍ മിക്ക എക്സിറ്റ് പോളുകളും എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രവചിച്ചു. ഒരുപടി കൂടെ കടന്ന് ടുഡേയ്സ് ചാണക്യ എല്‍ഡിഎഫ് തുടര്‍ ഭരണം ഉണ്ടായേക്കുമെന്നും പറഞ്ഞിരുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിച്ചതെങ്കില്‍ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിച്ചു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യൂഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിച്ചത്. എന്നാല്‍ ഇതിലൊന്നും അടിത്തട്ടില്‍ യുഡിഎഫ് അനുകൂല തരംഗം ആഞ്ഞടിക്കുന്നുണ്ട് എന്ന സൂചനകള്‍ നല്‍കുന്നതായിരുന്നില്ല. എക്സിറ്റ്പോളുകളെല്ലാം തന്നെ ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും പറഞ്ഞിരുന്നു. ആ പ്രവചനം കൃത്യമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട്ടിലും സ്ഥിതി വേറൊന്നുമല്ല. മിക്ക എക്സിറ്റ് പോളുകളും ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. തമിഴ്നാട്ടില്‍ ഭൂരിഭാഗവും എക്സിറ്റ് പോളുകളും ഡിഎംകെയുടെ ഭരണ തുടർച്ച പ്രവചിക്കുമ്പോള്‍ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വളരെ വ്യത്യസ്തമായിരുന്നു. നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുമെന്നായിരുന്നു പ്രവചനം. ടിവികെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ഭരണകക്ഷിയായ ഡിഎംകെയെ അട്ടിമറിക്കുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ ഫലം പറയുന്നത്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ടിവികെ ഇത്രയധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച സർവ്വെയും ഇതാണ്. പ്രാദേശിക പോളുകളടക്കം പുറത്തുവന്ന സർവ്വെകളില്‍ ഏഴും ഡിഎംകെയ്ക്ക് തുടർ ഭരണം പ്രവചിക്കുമ്പോള്‍ രണ്ട് സർവ്വെകള്‍ പറയുന്നത് എഐഎഡിഎംകെ സഖ്യം അധികാരത്തില്‍ എത്തും എന്നാണ്.

പീപ്പിള്‍സ് പള്‍സും പി മാർക്കും ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകളും പ്രജ പോള്‍ 148-168 സീറ്റുകളും പ്രവചിച്ചു. എന്നാല്‍ കാമാഖ്യ അനലറ്റിക്സ് എന്ന ഏജൻസി ടിവികെ സഖ്യം 67-81 സീറ്റുകള്‍ വരെ നേടി നിർണ്ണായക ശക്തിയായി മാറുമെന്ന് പറഞ്ഞിരുന്നു. മാട്രിസിന്‍റെ എക്സിറ്റ് പോള്‍ പ്രകാരം 122 – 132 സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 – 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. 10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിച്ചത്. അതേസമയം ടൈംസ് നൗ സർവ്വെ പറയുന്നത് 128 – 147 സീറ്റുകള്‍ നേടി എൻഡിഎ സഖ്യം അധികാരത്തില്‍ വരും എന്നാണ്. സിഎൻഎന്നിന്‍റെ സർവ്വെ പ്രവചിക്കുന്നത് 114 – 124 സീറ്റുകള്‍ എൻഡിഎ നേടും എന്നുമായിരുന്നു.

റാഷിദിന്‍റെ പ്രവചനത്തിന് കയ്യടി

യുഡിഎഫ് 91 മുതല്‍ 102 സീറ്റ് വരെ നേടുമെന്നായിരുന്നു സി പി റാഷിദിന്‍റെ പ്രവചനം. എല്‍ഡിഎഫ് 38 മുതല്‍ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറയുന്നു. എൻഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. 2001ന് ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്‍റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക