ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയ മനോവിഷമത്തില്‍ യുവാവ് മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപം സവേരിയാർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിള്‍ (40), മകള്‍ മേരി നിരോഷ (14) മകൻ മേരി കെസിസ്റ്റണ്‍ (12) എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്കൂളില്‍ ഒൻപതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുകയാണ് മേരി മൈക്കിളും മേരി കെസിസ്റ്റണും.
പൊലീസ് പറയുന്നതിനനുസരിച്ച് , ഭാര്യ മൈക്കിളിനെയും കുടുംബത്തെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി. ഇത് മൈക്കിളിനെ വിഷാദത്തിലാക്കിയിരുന്നു. ട്രക്ക് ഡ്രൈവറായ മൈക്കിള്‍ തുടർന്ന് ജോലിക്ക് പോകുന്നത് നിറുത്തി. ഇടയ്ക്ക് പെയിന്റിംഗ് ജോലിക്ക് പോകുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മക്കള്‍ക്ക് ഭക്ഷണവുമായി എത്തിയ മൈക്കിള്‍ ആഹാരം കഴിച്ച ശേഷം അവരോട് ഉറങ്ങാൻ പറഞ്ഞു. തുടർന്ന് മുറി പൂട്ടിയ ശേഷം കുട്ടികളുടെ ദേഹത്ത് വൈദ്യുത വയറുകള്‍ കെട്ടി അതേ വയർ തന്റെ ദേഹത്തും ചുറ്റി സ്വിച്ച് ബോർഡില്‍ ഘടിപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടർന്ന് ഇവരോടൊപ്പം താമസിക്കുന്ന മൈക്കിളിന്റെ അച്ഛൻ ആന്റണി മുത്തുഅയല്‍വാസികളെ വിവരമറിയിച്ചു. അവർ പുതുക്കോട്ടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകയറിയ പൊലീസ് മൂന്നുപേരെയും കട്ടിലില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കോട്ട പോലീസ് കേസെടുത്തു.

















