ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന എൻജിനീയർമാരായ യുവതിയെയും യുവാവിനെയും രണ്ടിടങ്ങളിലായി മരിച്ചനിലയില്‍ കണ്ടെത്തി.ഗുരുഗ്രാമിലെ ഒപ്റ്റം എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയർമാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി(25) ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക്(25) എന്നിവരാണ് മരിച്ചത്. ഇൻഷാറ അയ്യൂബിയെ ഗുരുഗ്രാമിലെ ഫ്ളാറ്റില്‍ കുത്തേറ്റ് മരിച്ചനിലയിലും മാലിക്കിന്റെ മൃതദേഹം റെയില്‍വേട്രാക്കിലുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ ജൂലായിലാണ് മാലിക്കും ഇൻഷാറയും ഗുരുഗ്രാമിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ പി.ജി. ഹോസ്റ്റലിലായിരുന്ന യുവതി ഈ മാസം ഒന്നാം തീയതി മുതല്‍ മാലിക്കിനൊപ്പം സെക്ടർ 55-ലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞദിവസം ഇൻഷാറയെ നാട്ടിലുള്ള ബന്ധുക്കള്‍ നിരന്തരം ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ബന്ധുക്കള്‍ ഗുരുഗ്രാം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് യുവതിയുടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സംഘം മാലിക്കിന്റെ പേരിലുള്ള ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിന്റെ വാതില്‍ തുറന്നിട്ടനിലയിലായിരുന്നു. അകത്ത് കയറിയതോടെയാണ് ചോരയില്‍ കുളിച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്.
യുവതിയുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് പൊലീസ് നല്‍കുന്നവിവരം. കഴുത്തറത്തനിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം 24 മണിക്കൂറെങ്കിലും പഴക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.ഇതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടതായി റെയില്‍വേ പൊലീസില്‍നിന്ന് വിവരം ലഭിച്ചത്. മൃതദേഹത്തിനൊപ്പം ലഭിച്ച മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചാണ് മരിച്ചത് മാലിക്കാണെന്ന് കണ്ടെത്തിയത്. ആദ്യം അപകടമരണമാണെന്നാണ് കരുതിയതെങ്കിലും യുവതിയെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടതോടെയാണ് രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.രണ്ട് സംഭവങ്ങളിലും വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഇൻഷാറ അയ്യൂബി കഴിഞ്ഞവർഷമാണ് ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയില്‍നിന്ന് കംപ്യൂട്ടർ സയൻസില്‍ എൻജിനീയറിങ് ബിരുദം നേടിയത്. മാലിക് എൻഐടി റായ്പുരിലാണ് പഠിച്ചത്. ഗുരുഗ്രാമില്‍ ഒപ്റ്റം കമ്പനിയില്‍ പ്രവേശിക്കുന്നതിന് മുൻപ് ഇയാള്‍ സാംസങ്ങില്‍ ഇന്റേണ്‍ഷിപ്പും പൂർത്തിയാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ പിറന്നാള്‍ ആഘോഷിക്കാനായാണ് മാലിക്ക് അവസാനമായി നാട്ടില്‍ എത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

















