ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കല്‍ കോളജില്‍ യുവതിയുടെ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി.ഏപ്രില്‍ 26-ന് ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്.
സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിനെത്തുടർന്ന് കൗശാംബി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ, മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഔദ്യോഗിക ഗ്രൂപ്പിലാണ് ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ തന്നെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവം വിവാദമായതോടെ ഗ്രൂപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തെങ്കിലും വിവരം പുറത്തായതോടെ അധികൃതർ പ്രതിരോധത്തിലായി. മുതിർന്ന ഡോക്ടർമാരുടെ സാന്നിധ്യത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ ഇത്തരം ഒരു സുരക്ഷാവീഴ്ച ഉണ്ടായത് അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. ഹരിയോം കുമാർ സിങ് ഖേദം പ്രകടിപ്പിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൗശാംബി പൊലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് അറിയിച്ചു. ഡപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ ആരാണ് ചിത്രങ്ങള്‍ പകർത്തിയതെന്നും അവ എന്തിനാണ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സ്വകാര്യത ലംഘിച്ചവർക്കെതിരെയും ഐടി നിയമപ്രകാരവും കർശനമായ വകുപ്പുകള്‍ ചുമത്തി നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

















