കൊച്ചി കലൂരില്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേർന്ന് ആക്രമണം.ഇന്ന് പുലർച്ചെയാണ് സംഭവം. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികില്‍ നിന്ന യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കള്‍ സംഘം ചേർന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു.

എട്ടോളം ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോണ്‍ നിലത്തെറിഞ്ഞ് തകർത്തു. ഫോണ്‍ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച്‌ കറക്കി നിലത്തെറിയാൻ ശ്രമിച്ചു. നെഞ്ചില്‍ ചവിട്ടി. പിന്നാലെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കള്‍ ശ്രമിച്ചു. കഴുത്തിലും പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്നും നിങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെ പ്രശ്നമാണ് നടന്നതെന്നുമാണ് സംഭവത്തില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരുടെ ചോദ്യം. താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയില്‍ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഈ കടയുടെ സമീപത്ത് നിന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോസ്റ്റലിലേക്ക് ഓടിപ്പോയ പെണ്‍കുട്ടികളെ പിന്തുടരാനും പെണ്‍കുട്ടികള്‍ അടക്കമുള്ള അക്രമി സംഘം ശ്രമിച്ചു. നിരവധി ഹോസ്റ്റലുകളും പിജികളുമുള്ള മേഖലയിലാണ് അക്രമം നടന്നിട്ടുള്ളത്. മർദനമേറ്റ് പരുക്കേറ്റ പെണ്‍കുട്ടിയെ ഉടൻ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അക്രമി സംഘത്തെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തല്‍. അക്രമി സംഘത്തിലുള്ളവർ പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക