മലയാളി പെണ്‍കുട്ടികളെ ദുബായിലേക്ക് എത്തിച്ച്‌ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ കേസിലൂടെ പുറത്തുവരുന്നത്.മോഡല്‍ അലീന ഏബ്രഹാം ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായതോടെ, സിനിമ-സീരിയല്‍ സ്വപ്നങ്ങളുമായി എത്തുന്ന യുവതികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തനരീതികളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

തിരുവനന്തപുരം സ്വദേശിനിയായ അലീന, ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ സ്വദേശിനി സ്റ്റോയ്സി (സിന്ധു), പൊന്നാനി സ്വദേശിനി മഞ്ജിമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കേസില്‍ മറ്റ് രണ്ട് മലയാളി സ്ത്രീകളെയും പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയിലെ മോഡലിങ് മേഖലയിലും സിനിമാ സ്വപ്നങ്ങളുമായി എത്തുന്ന പുതുമുഖങ്ങളിലുമായിരുന്നു സംഘത്തിന്റെ പ്രധാന ശ്രദ്ധ. ദുബായില്‍ സ്റ്റേജ് ഷോകള്‍, ഫാഷൻ ഇവന്റുകള്‍, ബ്യൂട്ടി പാർലർ ജോലികള്‍ എന്നിവയില്‍ ഉയർന്ന ശമ്പളമുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് സന്ദർശക വീസയില്‍ യുവതികളെ കൊണ്ടുപോകുകയായിരുന്നു പതിവ്. എന്നാല്‍, അവിടെ എത്തിയശേഷം പലരെയും നിർബന്ധിത ചൂഷണത്തിനിരയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഇത്തരം തട്ടിപ്പുകള്‍ ഗള്‍ഫ് മേഖലയില്‍ പുതുമയല്ലെന്നും മുൻകാലങ്ങളിലും സമാന സംഘങ്ങളെ ദുബായ്-കേരള പൊലീസ് ചേർന്ന് പിടികൂടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ബ്യൂട്ടീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ ദുബായിലേക്ക് എത്തിച്ച്‌ പാസ്‌പോർട്ട് പിടിച്ചുവെച്ച്‌ മസാജ് സെന്ററുകളുടെ മറവില്‍ ലൈംഗിക തൊഴിലിലേക്ക് തള്ളിയ സംഭവങ്ങള്‍ മുമ്പും പുറത്തുവന്നിരുന്നു. അന്ന് മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ ചിലർ അറസ്റ്റിലായതും വലിയ ചർച്ചയായിരുന്നു.

സ്റ്റേജ് ഷോകളുടെയും ആല്‍ബം ചിത്രീകരണങ്ങളുടെയും പേരില്‍ ‘ആർട്ടിസ്റ്റ് വീസ’ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ എത്തിക്കുന്ന രീതിയും മനുഷ്യക്കടത്ത് സംഘങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗള്‍ഫിലെത്തിച്ച യുവതികളെ വിവിധ കേന്ദ്രങ്ങളില്‍ പാർപ്പിച്ച്‌ ഇന്ത്യക്കാരും വിദേശികളും ഉള്‍പ്പെടെയുള്ളവർക്കു പണം വാങ്ങി കൈമാറുന്നതായിരുന്നു സംഘത്തിന്റെ രീതി. ദുബായിലെ നായിഫ്, അല്‍ ബർഷ തുടങ്ങിയ മേഖലകളില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഫോണ്‍ പോലും നല്‍കാതെ പെണ്‍കുട്ടികളെ പൂട്ടിയിട്ട സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടങ്ങളില്‍ നിന്ന് ചാടി പരുക്കേറ്റതോടെയാണ് വലിയ മനുഷ്യക്കടത്ത് ശൃംഖലകള്‍ പുറത്തറിഞ്ഞത്.

നിലവിലെ കേസില്‍ ഒന്നാം പ്രതിയായ സ്റ്റോയ്സിയുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് റിക്രൂട്ട്മെന്റ് നടന്നതെന്നാണ് സൂചന. കൊച്ചിയിലെ മോഡലിങ് രംഗത്ത് സജീവമായിരുന്ന അലീന, പുതുമുഖങ്ങളുമായി ബന്ധം സ്ഥാപിച്ച്‌ അവരെ സംഘത്തിലേക്ക് എത്തിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ ചില വൻകിട മാഫിയാ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. ഒളിവിലുള്ള രണ്ട് മലയാളി സ്ത്രീകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

അടുത്തകാലത്തായി ദുബായില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകളും ഫാഷൻ ഇവന്റുകളും വളരെ കുറവായിട്ടുണ്ടെങ്കിലും, ഇത്തരം വ്യാജ വാഗ്ദാനങ്ങളാണ് ഇപ്പോഴും യുവതികളെ കുടുക്കാൻ ഉപയോഗിക്കുന്നത്. പലരും ഒടുവില്‍ ബ്യൂട്ടി പാർലറുകളിലോ മസാജ് സെന്ററുകളിലോ കുടുങ്ങിപ്പോകുന്ന സാഹചര്യമാണുള്ളത്. ഗള്‍ഫിലേക്ക് ജോലി തേടി പോകുന്നവർ വീസ, സ്പോണ്‍സർ, സ്ഥാപനങ്ങളുടെ വിശ്വാസ്യത എന്നിവ നിർബന്ധമായും പരിശോധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക