ഓണ്‍ലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് യുവതികള്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം.രാത്രി വൈകി പൂനെയിലാണ് സംഭവം നടന്നത്. യാത്ര തുടങ്ങി കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ തന്റെ സുഹൃത്തായ ഒരാള്‍ക്ക് കൂടി കാബില്‍ കയറാൻ ഇടം നല്‍കണമെന്ന് ഡ്രൈവർ യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറായില്ലെങ്കില്‍ പാതിവഴിയില്‍ ഇറങ്ങണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. എന്നാല്‍, അതിന് തയ്യാറാവാതെ പ്രതികരിക്കുകയായിരുന്നു യുവതികള്‍.

യുവതികള്‍ പങ്കുവെച്ച വീഡിയോയുടെ തുടക്കത്തില്‍ മറ്റൊരു വണ്ടി വിളിച്ച്‌ പോകാൻ ഡ്രൈവർ ആവശ്യപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ യാത്ര തുടങ്ങിയതിന് ശേഷം പകുതിവഴിയില്‍ വെച്ച്‌ റൈഡ് കാൻസല്‍ ചെയ്യാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യുവതികള്‍ ചോദിച്ചു. തുടർന്ന്, ‘അയ്യോ മാഡം, ഒരു കിലോമീറ്റർ നിങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്തുകൂടേ?’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതികളെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം സുഹൃത്തിനെ വിളിക്കാൻ തിരികെ വരാൻ തന്റെ വണ്ടിയില്‍ ആവശ്യത്തിന് സി.എൻ.ജി ഇല്ലെന്നാണ് ഡ്രൈവർ ന്യായീകരണം നല്‍കിയത്. എന്നാല്‍, ഇത്തരമൊരു പ്ലാൻ ഉണ്ടായിരുന്നെങ്കില്‍ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് യുവതികള്‍ തിരിച്ചുചോദിച്ചു.

‘കൂടെ കയറ്റുന്ന സുഹൃത്തില്‍ നിന്ന് നിങ്ങള്‍ പണം വാങ്ങുന്നുണ്ടോ? അതോ ഞങ്ങളുടെ യാത്രാനിരക്ക് പകുതിയായി കുറച്ചു തരുമോ?’ എന്നും യുവതികള്‍ ഡ്രൈവറോട് ചോദിച്ചു. ഇല്ലെന്നും സുഹൃത്തായതുകൊണ്ട് ഫ്രീയായി കൊണ്ടുപോകുന്നതാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.

‘ഞങ്ങള്‍ മുഴുവൻ പണവും നല്‍കി ബുക്ക് ചെയ്ത കാബില്‍ ഒരു അപരിചിതനൊപ്പം യാത്ര ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത് എങ്ങനെയാണ് പ്രൊഫഷണലാകുന്നത്? അഡ്ജസ്റ്റ് ചെയ്ത് യാത്ര ചെയ്യാനായിരുന്നെങ്കില്‍ ഞങ്ങള്‍ കാബ് ബുക്ക് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല’ എന്നും യുവതി പ്രതികരിച്ചു. സുഹൃത്തുമായി ഡ്രൈവർ സംസാരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ വൈറലായതോടെ ഡ്രൈവറുടെ പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച്‌ രാത്രി സമയങ്ങളില്‍ അപരിചിതനായ ഒരു പുരുഷനൊപ്പം യാത്ര ചെയ്യാൻ സ്ത്രീകളെ നിർബന്ധിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. സൗകര്യത്തിന് വേണ്ടി മാത്രമല്ല, സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാനാണ് ആളുകള്‍ പണം നല്‍കി കാബുകള്‍ ബുക്ക് ചെയ്യുന്നത്. ഇത്തരം ഡ്രൈവർമാർക്കെതിരെ കമ്പനിയും പൊലീസും കർശന നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക