രാത്രി ആണ്‍സുഹൃത്തിനൊപ്പം നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിലെത്തിയ 24 കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലില്‍ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടില്‍ രാഹുല്‍ (39) എന്നിവരാണ് അറസ്റ്റിലായത്.മൂന്നാം പ്രതി അതുലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രല്‍ പൊലീസ് അറിയിച്ചു.

ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ വച്ച്‌ യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ഫയർ ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്‌ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിന്റെ പത്താംനിലയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

യുവതിയും എറണാകുളം സ്വദേശിയായ ആണ്‍സുഹൃത്തും പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിന്റെ കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് പോകുമ്പോള്‍ പ്രതികള്‍ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിർത്തി യുവതിയെ പീഡിപ്പിച്ചത്.

രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രല്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികള്‍ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കില്‍ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു.

സിസി ടിവിയില്‍ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. യുവതിയുടെ ബാഗില്‍ നിന്ന് ആണ്‍സുഹൃത്തിന്റെ സണ്‍ഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുല്‍ സാമൂഹിക മാധ്യമത്തില്‍ അത് ധരിച്ച്‌ പോസ്റ്റിട്ടിരുന്നു.‌ കാര്യങ്ങള്‍ യുവതി ആദ്യം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നല്‍കിയത്. ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തെക്കുറിച്ച്‌ വ്യക്തമായത്. നിലവില്‍ യുവതിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക