ട്രെയിൻ യാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുവതി. കണ്ടന്‍റ് ക്രിയേറ്ററായ രൂപാലി ദീക്ഷിതാണ് വീഡിയോ പങ്കുവെച്ചത്.യാത്രയ്ക്കിടെ യുവാവ് തനിക്ക് നേരെ ലൈംഗികച്ചുവയോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായാണ് രൂപാലി വ്യക്തമാക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ രൂപാലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇന്ത്യൻ റെയില്‍വേ വിഷയത്തില്‍ ഇടപെടുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
15228 വിവേക് എക്സ്പ്രസില്‍ ബോല്‍പൂർ ജംഗ്ഷനും ദൻകുനിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം. കോച്ചിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന തനിക്ക് നേരെ ജനറല്‍ കോച്ചിലുണ്ടായിരുന്ന ഒരു യുവാവ് നിരന്തരം അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നുവെന്ന് രൂപാലി പറഞ്ഞു. ട്രെയിൻ നമ്പരും റൂട്ടും സഹിതമാണ് രൂപാലി ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. എഞ്ചിന് തൊട്ടടുത്തുള്ള രണ്ടാമത്തെ ജനറല്‍ കോച്ചിലായിരുന്നു യുവാവ് യാത്ര ചെയ്തിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ വൻ പ്രതിഷേധം
വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മോശം പെരുമാറ്റത്തിനെതിരെ പ്രതികരിക്കാനും അത് ക്യാമറയില്‍ പകർത്താനും കാണിച്ച ധൈര്യത്തെ നിരവധി ആളുകള്‍ അഭിനന്ദിച്ചു. പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും, പ്രതിയെ എത്രയും വേഗം കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധി പേർ രംഗത്തെത്തി.
‘ഈ സംഭവം തനിയെ നടക്കുന്ന ഒന്നല്ല, മറിച്ച് നമ്മള്‍ ഇതിനെയെല്ലാം സാധാരണവല്‍ക്കരിച്ചു എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം. ഒരു പെണ്‍കുട്ടിക്ക് ഭയമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമ്പോള്‍ മാത്രമേ യഥാർത്ഥ മാറ്റം ഉണ്ടാകൂ. അതുവരെ നമ്മള്‍ ശബ്ദമുയർത്തേണ്ടതുണ്ട്’- ഒരു ഉപയോക്താവ് കുറിച്ചു. എന്നാല്‍, വീഡിയോയില്‍ യുവതി ചിരിച്ചുകൊണ്ട് സംസാരിച്ചതിനെ ചോദ്യം ചെയ്തവർക്കെതിരെയും വിമർശനം ഉയർന്നു.’
ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ എന്തുകൊണ്ട് പരാതിപ്പെടുന്നില്ല എന്നതിന് തെളിവാണിത്. ആ പുരുഷന്റെ മോശം പെരുമാറ്റത്തെ കുറ്റപ്പെടുത്തുന്നതിന് പകരം, അവർ എന്തുകൊണ്ട് ചിരിച്ചു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇവിടെ പ്രശ്നം ആ പെണ്‍കുട്ടിയുടെ പ്രതികരണമല്ല, മറിച്ച് അവള്‍ നേരിട്ട പീഡനമാണ്’- മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പ്രതികരിച്ചു.
രൂപാലി ദീക്ഷിതിന്‍റെ പോസ്റ്റിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി ഇന്ത്യൻ റെയില്‍വേ രംഗത്തെത്തി. റെയില്‍വേയുടെ പരാതി പരിഹാര പ്ലാറ്റ്‌ഫോമായ ‘റെയില്‍മദദ്’ വഴി പരാതി രജിസ്റ്റർ ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പരാതി നമ്പരും എസ്‌എംഎസ് വഴി രൂപാലിക്ക് കൈമാറിയിട്ടുണ്ട്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് പ്രതിയെ എത്രയും വേഗം കണ്ടെത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയർന്നുവരുന്ന പ്രധാന ആവശ്യം.

















