കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് സുരക്ഷിതത്വം കരുതി ആണ്‍വേഷം ധരിച്ച്‌ ജോലിക്കിറങ്ങിയ 17 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി.സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് രക്ഷപെടുത്തിയത്.

കഴിഞ്ഞദിവസം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ വാതില്‍പ്പടിയില്‍ അതീവ അപകടകരമായ രീതിയില്‍ യാത്ര ചെയ്തിരുന്ന കുട്ടിയെ പെരിന്തല്‍മണ്ണയിലെ ഒരു പോലീസുകാരൻ ശ്രദ്ധിക്കുകയായിരുന്നു. ആണ്‍കുട്ടിയാണെന്ന് കരുതിയാണ് ഇദ്ദേഹം കുട്ടിയുടെ അടുത്തെത്തി സംസാരിച്ചത്. എന്നാല്‍ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞപ്പോഴാണ് പെണ്‍കുട്ടി താൻ അനുഭവിച്ച ക്രൂരതകള്‍ വെളിപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് പോലീസുകാരൻ വിവരം റെയില്‍വേ പോലീസ് എസ്.എച്ച്‌.ഓ അനില്‍ മാത്യുവിനെ അറിയിക്കുകയും കുട്ടിയെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

അച്ഛനില്ലാത്ത പെണ്‍കുട്ടിയുടെ അമ്മ കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു താമസമെങ്കിലും അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കുട്ടി ആണ്‍വേഷം കെട്ടി ക്ലീനർ ജോലിക്ക് ഇറങ്ങാൻ തീരുമാനിച്ചത്. തുടർന്ന് സഹോദരനെപ്പോലെ വിശ്വസിച്ച്‌ മീനങ്ങാടി സ്വദേശിയായ സനോജിന്റെ മിനിലോറിയില്‍ ക്ലീനറായി ജോലിക്ക് ചേരുകയായിരുന്നു.

ജൂണ്‍ 2: പെണ്‍കുട്ടിയും സനോജും വയനാട്ടില്‍ നിന്നും ലോറിയില്‍ യാത്ര തിരിച്ചു.

കോഴിക്കോട്: യാത്രയ്ക്കിടയില്‍ കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വെച്ച്‌ സനോജ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്ന് ഇറങ്ങിയോടിയ കുട്ടിയെ ഇയാള്‍ പിന്നീട് സംസാരിച്ച്‌ ഒത്തുതീർപ്പാക്കുകയായിരുന്നു.

കോട്ടയം: ലോറി കോട്ടയത്ത് എത്തിയപ്പോള്‍ സനോജ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.

പീഡനത്തെത്തുടർന്ന് മാനസികമായി തകർന്ന കുട്ടി ലോറിയില്‍ നിന്നും രക്ഷപ്പെട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി മുന്നില്‍ കണ്ട ട്രെയിനില്‍ കയറുകയായിരുന്നു. ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കാനായിരുന്നു കുട്ടിയുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

നിലവില്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകരുടെ സുരക്ഷിത സംരക്ഷണയിലാണ് പെണ്‍കുട്ടി. കേസ് തുടരന്വേഷണത്തിനായി മീനങ്ങാടി പോലീസിന് കൈമാറിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക