പിണറായി സർക്കാരിനെതിരെ സസ്‌പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോക്. സ്‌പെൻഷൻ ഓർഡറില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.ഏപ്രില്‍ ഒമ്പതിന് വോട്ടർമാർ പുറത്താക്കിയ സർക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ആഭ്യന്തര പ്രക്രിയയെപ്പറ്റി പരാമർശിച്ചു. അത് വിമർശനാത്മകമാണോ എന്ന് സംശയമുണ്ട് എന്നാണ് സസ്‌പെൻഷൻ ഓർഡറില്‍ പറഞ്ഞിരിക്കുന്നത്. സിവില്‍ സർവീസ് നിയമങ്ങള്‍ അനുസരിച്ച്‌, സസ്‌പെൻഷന്റെ കാരണം വ്യക്തമായി അതില്‍ പരാമർശിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരില്‍ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഏപ്രില്‍ ഒമ്പതിന് കേരളത്തിലെ വോട്ടർമാർ ഡിസ്‌മിസ് ചെയ്‌ത സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവാണിത്. ഇത് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. അടുത്ത സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ ഈ കാരണമില്ലാത്ത സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചോളും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോകുന്നതിന് മുമ്പ് ശത്രുക്കളെന്ന് സംശയിക്കുന്നവരുടെ നേർക്ക് അവർ ഒരു റൗണ്ട് വെടിയുതിർക്കുന്നു എന്നേയുള്ളു. 2026 ജനുവരി 25 മുതല്‍ സിവില്‍ സർവീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നീക്കങ്ങള്‍ സർക്കാരിന്റെ പൊതുഭരണ വകുപ്പില്‍ നടക്കുന്നുണ്ട്. ട്രിബ്യൂണലില്‍ സംസ്ഥാന മുഖ്യമന്ത്രിയെ അഞ്ച് വട്ടം കയറ്റിയ ഇന്ത്യയിലെ ഏക ഐഎഎസ് അസോസിയേഷനാണിത്. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദാക്കി.

അഖിലേന്ത്യാ സിവില്‍ സർവീസ് ചട്ടം അനുസരിച്ച്‌ മാത്രമേ കേരളത്തില്‍ ഐഎഎസ് കേഡർ നടത്തിക്കൊണ്ടുപോകാൻ പറ്റുകയുള്ളു എന്ന അന്തിമ ഉത്തരവ് വാങ്ങി നല്‍കി. ഇത് സർക്കാരിന് വലിയ മനക്ലേശമുണ്ടാക്കി. പിന്നീട് എന്നെ സർക്കാർ സർവീസിന് പുറത്തേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വരാൻ തുടങ്ങി. അതിനായി നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളും പ്രയോഗിച്ചു. എന്റെ 20 കൊല്ലം ജൂനിയർ ഇരിക്കേണ്ട പോസ്റ്റിലേക്ക് മാറ്റാൻ ശ്രമിച്ചു. അതും ട്രിബ്യൂണല്‍ മരവിപ്പിച്ചു. അങ്ങനെ എല്ലാത്തിലും നാണംകെട്ട പരാജയം ഏറ്റുവാങ്ങി.

ഇതിന്റെയെല്ലാം ക്ഷീണം മാറ്റാനാണ് ഞാൻ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകിട്ട് സസ്‌പെൻഷൻ ഓർഡർ നല്‍കിയത്. അത് അംഗീകാരമായി കണക്കാക്കുന്നു. സർക്കാരിന് വാഴ്‌ത്തുപാട്ട് പാടാൻ ആവില്ല. ഈ സസ്‌പെൻഷൻ ഒരു അംഗീകാരമായി കാണുന്നു. കുറച്ച്‌ കഴിയുമ്പോള്‍ അത് ചവറ്റുകുട്ടയിലേക്ക് പോകും’ -ബി അശോക് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക