ബോളിവുഡ് ചലച്ചിത്രമേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് നടൻ അന്നു കപൂറിന്റെ പുതിയ പരാമർശങ്ങള്‍. ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചില പുരുഷ താരങ്ങള്‍ നിയന്ത്രണംവിട്ടു പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നായുരുന്നു അദ്ദേഹത്തിന്റെ വിവാദ വെളിപ്പെടുത്തല്‍.സംവിധായകൻ കട്ട് പറഞ്ഞാലും ഈ നടന്മാർ ഇത്തരം രംഗങ്ങള്‍ നിർത്താതെ തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു.
ചില താരങ്ങള്‍ ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെ ബോധപൂർവ്വം മുതലെടുക്കാറുണ്ടെന്ന് സിദ്ധാർത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ അന്നു കപൂർ പറഞ്ഞു. ഇത്തരമൊരു സംഭവം താൻ നേരിട്ട് കണ്ടിട്ടുണ്ട്. താൻ അത്തരം പ്രവർത്തികളില്‍ ഒരിക്കലും ഏർപ്പെട്ടിട്ടില്ലെന്നും അന്നു കപൂർ ഈ അഭിമുഖത്തില്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സംവിധായകൻ സീൻ അവസാനിപ്പിക്കാൻ പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല. ഒടുവില്‍ ആ നടന്റെ കയ്യില്‍ നിന്നും കഷ്ടപ്പെട്ട് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു നടി. ആ നടിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല. അതേസമയം ആ സംഭവത്തില്‍ ഉള്‍പ്പെട്ട നടീനടന്മാരുടെ പേരുകള്‍ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല, എന്നാല്‍ നടി ഈ അഭിമുഖം കണ്ടാല്‍, തന്റെ വാക്കുകളെ ശരിവെക്കുമെന്നും കൂട്ടിച്ചേർത്തു.
പക്ഷെ സിനിമയില്‍ താൻ എപ്പോഴും പ്രൊഫഷണലായിട്ടാണ് ഇത്തരം രംഗങ്ങളെ കാണുന്നതെന്നും അന്നു പറഞ്ഞു. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ഒപ്പമുള്ള നടിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് മാത്രമേ താൻ ചോദിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ അവരെ കൂടുതല്‍ അസ്വസ്ഥരാക്കിയേക്കാം എന്നതിനാലാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നു കപൂർ ഏറ്റവും ഒടുവിലായി അഭിനയിച്ചത് അക്ഷയ് കുമാർ നായകനായി ബോക്സ് ഓഫീസില്‍ വൻവിജയമായ ‘ജോളി എല്‍എല്‍ബി 3’ എന്ന ചിത്രത്തിലാണ്. അതേസമയം സിനിമാ സെറ്റുകളിലെ ഇത്തരം മോശം പ്രവണതകളെക്കുറിച്ചുള്ള അന്നു കപൂറിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.












