എറണാകുളം ജില്ലയിലെ തിരുമാറാടിയില്‍ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. ഒലിയപ്പുറം സ്വദേശിയുടെ വീട്ടുമുറ്റത്താണ് അസാധാരണമായ ഈ സംഭവം നടന്നത്.പ്ലാവിലുണ്ടായിരുന്ന നാല് ചക്കകള്‍ ഒന്നിച്ച് താഴേക്ക് വീഴുകയായിരുന്നു. പിന്നീട് വീട്ടുകാർ ചക്കയെടുക്കാൻ ചെന്നപ്പോഴാണ് അതിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍ മൂർഖൻ പാമ്പിനെ കണ്ടത്. ചക്കയുടെ ഭാരം താങ്ങാനാവാതെ പാമ്പ് തല്‍ക്ഷണം ചാവുകയായിരുന്നു.
അതേസമയം, കാസർകോട് എളേരിത്തട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഐസിയുവില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം തിരിച്ചറിഞ്ഞത്.
കോഴിക്കോട് പൂനൂരിലും പാമ്പ് കടിയേറ്റ സംഭവമുണ്ടായി. 22 വയസ്സുകാരനായ മുഹമ്മദ് അൻസാറിനാണ് കടിയേറ്റത്. പുലർച്ചെ കിടക്കയില്‍ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കടിയേറ്റ കാര്യം ഇയാള്‍ അറിയുന്നത്. അൻസാറിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂരിലും യുവതിക്ക് പാമ്പ് കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് വീട്ടുമുറ്റത്തിറങ്ങിയപ്പോള്‍ കടിയേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ കടുത്തതോടെ മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ പുറത്തിറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പും വനം വകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

















