തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഖാസ്ബാതി സ്വദേശിയായ പ്രോസൻജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ നിലവില്‍ കല്ല്യാണി ജവഹർലാല്‍ നെഹ്റു മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പ്രോസൻജിത് സുഹൃത്തുമായി റോഡരികില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് പ്രോസൻജിത്തിന്റെ ശരീരത്തില്‍ തറച്ചുകയറിയത്. ഗുരുതരമായി പരക്കേറ്റ ഇയാളെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. താൻ ഒരു തൃണമൂല്‍ പ്രവർത്തകനായതാണ് ആക്രമണത്തിന് കാരണമെന്ന് ആശുപത്രിയില്‍ വച്ച് പ്രോസൻജിത് മൊഴി നല്‍കി. തന്നെ ആക്രമിച്ചവരില്‍ മൂന്ന് പേരെ കണ്ടാല്‍ തിരിച്ചറിയാൻ സാധിക്കുമെന്നും പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രോസൻജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

















