വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര ആര്‍സി ചര്‍ച്ചിനു സമീപം താമസിക്കുന്ന അല്‍മ (33) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി മൊഴി നല്‍കി.
ഞായറാഴ്ച പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് ദാരുണമായ സംഭവം നടന്നത്. കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇന്ന് വീണ്ടും തര്‍ക്കം രൂക്ഷമായതോടെ വിഷ്ണുനാഥ് അല്‍മയുടെ കഴുത്തിന് കുത്തുകയായിരുന്നു. പിഎസ്സി കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണുനാഥ്. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.
ഭാര്യയെ ആക്രമിച്ച ശേഷം വിഷ്ണുനാഥ് നേരെ പോയത് അഭിഭാഷകനായ സ്വന്തം സഹോദരന്റെ വീട്ടിലേക്കാണ്. അവിടെ വെച്ച് താന്‍ ചെയ്ത കാര്യത്തെക്കുറിച്ച് സഹോദരനോട് വെളിപ്പെടുത്തി. തുടര്‍ന്ന് സഹോദരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു അല്‍മയുടെ മൃതദേഹം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പാറശാല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















