ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ അനധികൃത ഡിജിറ്റല്‍ വായ്പകള്‍ തടയാന്‍ കര്‍ശനമായ നിയമം വേണമെന്ന് കെസി വേണുഗോപാല്‍ എംപി.ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അദ്ദേഹം കത്തുനല്‍കി. ഡാറ്റ ചോര്‍ത്തല്‍, സൈബര്‍ അധിക്ഷേപം, ആപ്് ഉപയോഗിച്ചുള്ള പണം തട്ടല്‍ എന്നിവ ജാമ്യമില്ലാ കുറ്റങ്ങളാക്കി പ്രഖ്യാപിക്കണം എന്നും എംപി ആവശ്യപ്പെട്ടു.
ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്ത ദൗത്യ സംഘം രൂപീകരിക്കണം, ഇത്തരം നിയമവിരുദ്ധ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണം, ലോണ്‍ ആപ്പുകള്‍ ആര്‍ബിഐ നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ പലിശ ഈടാക്കുന്നത് തടയണം. പലിശയ്ക്കും പ്രൊസസിങ് ഫീസിനും പരിധി നിശ്ചയിക്കണം. ആപ്പുകള്‍ക്കെതിരായ നടപടിക്ക് ഹെല്‍പ്പ് ലൈന്‍ വേണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.
കെസി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ”രാജ്യത്തെ നിരവധി പേരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കെണികളായി ലോണ്‍ ആപ്പുകള്‍ മാറി. പത്തനംതിട്ട സ്വദേശി മുംബൈയില്‍ ആത്മഹത്യ ചെയ്തതും, ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയും, പാലക്കാട് കഞ്ചിക്കോട് സ്വദേശി ജീവനൊടുക്കിയതിലും ഇതേ ആപ്പുകളുടെ ഭീഷണി കാരണമായിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഭീഷണി മൂലം നാട്ടില്‍ നിന്ന് മാറി നിന്ന വടകര സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയതുതാനും.
നിരവധി കുടുംബങ്ങളെ തകര്‍ക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്ന, ഒരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ക്ക് മേല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ, അനധികൃത ഡിജിറ്റല്‍ വായ്പകള്‍ കര്‍ശനമായി നേരിടുന്നതിന് ശക്തവും സമഗ്രവുമായ പുതിയ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കിക്കഴിഞ്ഞു.
ഇത്തരം ആപ്പുകള്‍ നടത്തുന്ന പണം തട്ടല്‍, ഡാറ്റ ചോര്‍ത്തല്‍, സൈബര്‍ അധിക്ഷേപം എന്നിവ ഗുരുതരമായ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം. ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അടിയന്തരമായി ഒരു സംയുക്ത ദൗത്യസംഘം രൂപീകരിച്ച് ഈ ശൃംഖലയെ തകര്‍ക്കാനും ഇവരുടെ നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടപടിയുണ്ടാകണം.
ലോണ്‍ ആപ്പുകള്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കൂടുതല്‍ പലിശ ഈടാക്കുന്നത് തടയുകയും പ്രോസസിംഗ് ഫീസിനും പലിശയ്ക്കും കൃത്യമായ പരിധി നിശ്ചയിക്കുകയും വേണം. ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി എന്നിവയിലേക്ക് ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നത് കര്‍ശനമായി നിരോധിക്കുകയും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഏജന്റുമാര്‍ നടത്തുന്ന ഭീഷണികളും അശ്ലീല സന്ദേശങ്ങളും തടയാന്‍ കര്‍ശന നിയമം കൊണ്ടുവരികയും വേണം.
ഭീഷണിയുമായി രംഗത്തെത്തുന്ന ഇത്തരം ആപ്പുകള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ പ്രത്യേക ഹെല്‍പ്പ്ലൈനോ പോര്‍ട്ടലോ കാര്യക്ഷമമാക്കേണ്ടതുമുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ലോണ്‍ ആപ്പുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവയ്ക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ടെക് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം.നിയമപരമായ അനുമതിയുള്ള ലോണ്‍ ആപ്പുകളുടെ ഒരു പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി ഒരു ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ സജ്ജമാക്കണം.
സോഷ്യല്‍ മീഡിയ വഴിയുള്ള ലോണ്‍ ആപ്പുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുകയും സെലിബ്രിറ്റികള്‍ ഇത്തരം ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത് തടയണം, തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമനിര്‍മാണം അടക്കമുള്ള അടിയന്തര നടപടി കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായില്ലെങ്കില്‍, പാര്‍ലമെന്റിലും പുറത്തും ശക്തമായ പോരാട്ടവും ഇടപെടലും നടത്തും. ഇനിയൊരു ജീവന്‍ കൂടി ഈ കൊള്ളക്കാരാല്‍ പൊലിയാന്‍ പാടില്ല.”

















