പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം ഇത്തവണ വോട്ടെണ്ണല്‍ ദിവസത്തിലാകും.ഓരോ ബാലറ്റ് പൊട്ടിക്കുമ്പോഴും മാറി മാറി ശക്തരാകുന്ന സ്ഥാനാർഥികളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ചിത്രം.
2021-ല്‍ ലീഗ് വെറും 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ ജയിച്ചത്. സിറ്റിംഗ് എംഎല്‍എ നജീബ് കാന്തപുരം ഇത്തവണ മത്സരത്തിനിറങ്ങുമ്പോള്‍ പെരിന്തല്‍മണ്ണ വീണ്ടും ത്രില്ലറായേക്കാം. പെരിന്തല്‍മണ്ണയില്‍ ഇത്തവണ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ലീഗ് അത് തള്ളിക്കളഞ്ഞിരുന്നുവെങ്കിലും വോട്ടില്‍ പ്രതിഷേധം പ്രതിഫലിക്കുമോയെന്നതും ഒരു വെല്ലുവിളിയാണ്.
വികസനമാതൃക കാട്ടി എല്‍ഡിഎഫ് പ്രചാരണം
പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ഇത്തവണ വി.പി. മുഹമ്മദ് ഹനീഫ പോരിനിറങ്ങുമ്പോള്‍ കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങള്‍ മുന്നോട്ട് വെച്ചാണ് എല്‍ഡിഎഫ് പ്രചാരണം. മണ്ഡലത്തില്‍ നടത്തിയ തനത് പ്രവർത്തനങ്ങള്‍, കിഫ്ബി തുടങ്ങിയവയെല്ലാം എല്‍ഡിഎഫ് പ്രചാരണായുധമാക്കുന്നുണ്ട്. മണ്ഡലത്തിലെ ഈ വികസന പ്രവർത്തനങ്ങള്‍ക്കൊന്നും എംഎല്‍എക്ക് പങ്കില്ലെന്നാണ് പ്രചാരണം. അതേസമയം, കഴിഞ്ഞ തവണ 38 വോട്ടില്‍ പറ്റിയ തെറ്റ് ഇക്കുറി പെരിന്തല്‍മണ്ണ തിരുത്തുമെന്നും സിപിഎം വ്യക്തമാക്കുന്നു.
അഞ്ച് വർഷത്തെ പ്രവർത്തനം ജനം വിലയിരുത്തും നജീബ് കാന്തപുരം
കഴിഞ്ഞ അഞ്ച് വർഷത്തെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നാണ് നജീബ് കാന്തപുരം വ്യക്തമാക്കുന്നത്. കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ വിജയം ഇക്കുറി നിയമസഭയിലും തെളിയുമെന്ന് അദേഹം പറഞ്ഞു.
നിസ്സാര വോട്ടിന് മണ്ഡലം കൈയില്‍
പെരിന്തല്‍മണ്ണയില്‍ 2021-ലെ ആവേശപ്പോരില്‍ യുഡിഎഫിന് 76,530 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന് (കെ.പി.എം. മുസ്‌തഫ) 76,492 വോട്ടുമായിരുന്നു കിട്ടിയത്. അങ്ങനെ, വളരെ ചെറിയ ഭൂരിപക്ഷത്തില്‍ എംഎല്‍എ സ്ഥാനം ലീഗ് നിലനിർത്തി. 2016-ല്‍ 569 വോട്ടിനും 2011-ല്‍ 9,589 വോട്ടിനുമാണ് പെരിന്തല്‍മണ്ണയില്‍ ലീഗ് ജയിച്ചുകയറിയത്. ശക്തമായ മത്സരത്തില്‍ ഇക്കുറി വ്യക്തികളിലൂടെയും മുന്നേറാൻ കഴിയുമെന്നാണ് പാർട്ടികള്‍ കരുതുന്നത്. ഇടതിലും വലതിലും മത്സരിക്കുന്നത് മണ്ഡലത്തിലെ പരിചിത മുഖങ്ങള്‍ തന്നെയാണ്. എല്ലായിപ്പോഴും ലീഗിനെ തുണക്കുന്ന പെരിന്തല്‍മണ്ണ 2006-ല്‍ ഇടത്തേക്ക് ചരിഞ്ഞിരുന്നു. മണ്ഡലത്തില്‍ മത്സരിച്ച സിപിഎം സ്ഥാനാർഥി എം. ശിവകുമാർ വിജയിച്ച് കേറുകയുണ്ടായി. ലീഗ് കോട്ടയിലെ മണ്ണ് ചുവന്നപ്പോള്‍ പാർട്ടികളിലേക്ക് മാത്രമല്ല മണ്ഡലത്തിലെ ചലനങ്ങള്‍ ഏതു നിമിഷവും മാറാമെന്നും വ്യക്തമായിരുന്നു അന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റ ക്ഷീണം ഇക്കുറി തിരുത്തുമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്.
അതേസമയം, ചിത്രത്തില്‍ ഇല്ലെങ്കിലും പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ വോട്ട് ഷെയർ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അഡ്വ.കെ.പി. ബാബുരാജാണ് എൻഡിഎ സ്ഥാനാർഥി.

















