ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറില്‍ മെഡിക്കല്‍ വിദ്യാർത്ഥി ജീവനൊടുക്കി.ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി സുർജിത്ത് കുമാർ (21) ആണ് മരിച്ചത്.
പലരില്‍ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് സുർജിത്ത് ഓണ്‍ലൈൻ ഗെയിം കളിച്ചതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.
കലബുറഗി സ്വദേശിയാണ് സുർജിത്ത്. പഠനത്തില്‍ മിടുക്കനായിരുന്ന വിദ്യാർത്ഥിയുടെ വിയോഗം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കർണാടകയില്‍ ഇതിനുമുമ്പും സമാനമായ രീതിയില്‍ വിദ്യാർത്ഥികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബീദർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി ആർക്കൊക്കെ പണം നല്‍കാനുണ്ടായിരുന്നുവെന്നും ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകളുടെ സ്വാധീനത്തെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. കടം വാങ്ങിയ പണം തിരികെ നല്‍കാൻ സാധിക്കില്ലെന്ന് വ്യക്തമായതിനാലാവും വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.

















