സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തളിപ്പറമ്പില്‍ പാർട്ടി നേതൃത്വത്തിന് കനത്ത പ്രഹരം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥി ടികെ ഗോവിന്ദൻ അട്ടിമറി വിജയം നേടി.

12,627 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടികെ ഗോവിന്ദൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയിലെ കുടുംബവാഴ്ചയ്ക്കും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ ജനങ്ങള്‍ നല്‍കിയ വിധിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കലാപക്കൊടി ഉയർത്തിയ സ്ഥാനാർത്ഥിത്വം

ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സണായ പികെ ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാർത്ഥിയാക്കിയ നടപടി തുടക്കം മുതല്‍ വിവാദമായിരുന്നു. പാർട്ടിയില്‍ യോഗ്യരായ നിരവധി പേരുണ്ടായിട്ടും സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെത്തന്നെ പരിഗണിച്ചത് ജില്ലാ കമ്മിറ്റിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഈ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സമുന്നത നേതാവായിരുന്നു ടികെ ഗോവിന്ദൻ. മണ്ഡലം കമ്മിറ്റിയില്‍ ഉയർന്ന വിമർശനം നേതൃത്വം അവഗണിച്ചതോടെ അദ്ദേഹം പാർട്ടി വിടുകയും സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

യുഡിഎഫ് പിന്തുണയും തന്ത്രപരമായ നീക്കവും

ടികെ ഗോവിന്ദന്റെ പോരാട്ടം സിപിഎമ്മിന് വലിയ വെല്ലുവിളിയാകുമെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.പി. അബ്ദുള്‍ റഷീദിനെ ധർമ്മടത്തേക്ക് മാറ്റി, തളിപ്പറമ്പില്‍ ടികെ ഗോവിന്ദന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

“ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളയ്ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ സജീവ ചർച്ചയാക്കാൻ ടികെ ഗോവിന്ദനും യുഡിഎഫിനും സാധിച്ചു.”

കണക്കുകള്‍ തെറ്റിച്ച ജനവിധി

ടികെ ഗോവിന്ദനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയും ‘പാർലമെന്ററി വ്യാമോഹി’ എന്ന് മുദ്രകുത്തിയും പ്രതിരോധിക്കാനാണ് സിപിഎം ശ്രമിച്ചത്. യുഡിഎഫ് പിന്തുണച്ചാലും ചുരുങ്ങിയത് 3,000 വോട്ടിനെങ്കിലും മണ്ഡലം നിലനിർത്താമെന്നായിരുന്നു എകെജി സെന്ററിലെ കണക്കുകൂട്ടല്‍. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തളിപ്പറമ്പിലെ അണികള്‍ തന്നെ തിരുത്തി.

ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാവില്ലെന്ന് കരുതിയ പാർട്ടി ഗ്രാമങ്ങളില്‍ പോലും ടികെ ഗോവിന്ദൻ മുന്നേറ്റം നടത്തി. കുടുംബവാഴ്ചയ്ക്കും അടിച്ചേല്‍പ്പിക്കപ്പെടുന്ന തീരുമാനങ്ങള്‍ക്കുമെതിരെ പാർട്ടി വോട്ടുകള്‍ പോലും മറിഞ്ഞതാണ് ടികെ ഗോവിന്ദന്റെ ഭൂരിപക്ഷം 12,000 കടക്കാൻ കാരണമായത്. ഈ വിജയം വരും ദിവസങ്ങളില്‍ സിപിഎമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക